covid-19

കൊച്ചി: ഇന്ത്യയിൽ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 2.50 ലക്ഷമായി കുറഞ്ഞെങ്കിലും നിലവിലെ രോഗികളിൽ 62 ശതമാനവും കേരളം, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ഛത്തീസ്ഗഡ്‌ എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ്. ആഗോളതലത്തിൽ ഏറ്റവുമധികം പേർ രോഗമുക്തി നേടിയത് ഇന്ത്യയിലാണ്. 99 ലക്ഷം പേർ. 24 മണിക്കൂറിനിടെ 19,079 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 22,926 പേർ രോഗമുക്തി നേടി. ഇന്ത്യയിൽ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 99,06,387 ആണ്.

രോഗമുക്തി നിരക്ക് 96.12 ശതമാനമായി ഉയർന്നു. ഇവരിൽ 78.64 ശതമാനവും പത്ത് സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലാണ്. കേരളത്തിൽ 5,111 പേർ മുക്തിനേടിയപ്പോൾ മഹാരാഷ്ട്രയിൽ 4,279 പേർ രോഗമുക്തരായി. പശ്ചിമബംഗാളിൽ 24 മണിക്കൂറിനിടെ 1,496 പേരാണ് രോഗമുക്തി നേടിയത്.

24 മണിക്കൂറിനുള്ളിലെ 224 മരണങ്ങളിൽ 75.45 ശതമാനവും പത്ത് സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലാണ്. 26.33 ശതമാനം മരണം മഹാരാഷ്ട്രയിലാണ്. ഇവിടെ 59 പേരാണ് മരിച്ചത്. പശ്ചിമബംഗാളിൽ 26 പേരും കേരളത്തിൽ 23 പേരും മരിച്ചു.