• സെന്റ് ഫോലോമിനാസ് പള്ളിയിൽ പാരിഷ് ഹാൾ പുനരുദ്ധാരണ കണക്കിനെ ചൊല്ലി തർക്കം രൂക്ഷം
കൊച്ചി: വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയിലെ പാരിഷ് ഹാൾ പുനരുദ്ധാരണത്തെ ചൊല്ലി വികാരിയും ഇടവകാംഗങ്ങളും തമ്മിൽ പൊരിഞ്ഞയുദ്ധം.
20ന് പൊലീസ് സംരക്ഷണയിലാണ് പാരിഷ് കോൺസിൽ യോഗം ചേരുന്നത്. തിരുനാളിന് പോലും ഇതാണവസ്ഥ.
പാരിഷ് ഹാൾ പണിയുടെ കണക്ക് പറയണമെന്ന് ഇടവക സംരക്ഷണ സമിതി ആവശ്യപ്പെടുമ്പോൾ വികാരി ഫാ. ഫ്രാൻസിസ് ഡിക്സൺ ഫെർണാണ്ടസ് തയ്യാറാവുന്നില്ലെന്നാണ് പരാതി. പണമിടപാട് രേഖകളുടെ അഭാവത്താൽ ഓഡിറ്റിംഗ് അസാദ്ധ്യമാണെന്ന് ഓഡിറ്റിംഗ് സ്ഥാപനം വ്യക്തമാക്കിയതായി പാരിഷ് കൗൺസിൽ നിയോഗിച്ചയാൾ അറിയിച്ചിട്ടുണ്ടെന്നും സംരക്ഷണസമിതി വെളിപ്പെടുത്തി.
40 ലക്ഷം എസ്റ്റിമേറ്റിട്ട് ഇടവകാംഗങ്ങളിൽ നിന്നുള്ള സംഭാവനയും ബാങ്ക് ലോണും സാധുജനസംഘത്തിന്റെ നീക്കിയിരിപ്പ് തുകയും ചെലവഴിച്ചാണ് പാരിഷ് ഹാൾ പുനർനിർമ്മിച്ചത്. പണി തീർന്നപ്പോൾ 175 ലക്ഷം രൂപയായെന്ന് സാമ്പത്തിക സഹായം വീണ്ടും ആവശ്യപ്പെടുന്ന സർക്കുലറിലാണ് ഇടവകാംഗങ്ങളെ അറിയിച്ചത്. ഒരു കോടിയാണ് വായ്പ. ഹാൾ വാടകയ്ക്ക് നൽകാനാവാത്തതിനാൽ വരുമാനം കമ്മിയാണ്. വായ്പ തിരിച്ചടവും പ്രതിസന്ധിയിലാണ്.
വരാപ്പുഴ അതിരൂപതയ്ക്കും വൈദികനും നിരവധി പരാതികൾ സമർപ്പിച്ചിട്ടും പ്രതികരണമൊന്നുമുണ്ടായിട്ടില്ലെന്ന് സംരക്ഷണസമിതി അറിയിച്ചു.
ഇടവക സംരക്ഷണ സമിതിയിൽ നിന്ന് ഭീഷണിയുണ്ടെന്ന് കാട്ടി വികാരി സമർപ്പിച്ച ഹർജി സ്വീകരിക്കും മുമ്പ് എതിർ കക്ഷികൾക്ക് നോട്ടീസ് അയയ്ക്കാനും ക്രമസമാധാനം നിലനിർത്താനും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
കണക്ക് അറിയേണ്ടത് അവകാശം
പാരിഷ് ഹാളിന് വേണ്ടി വീണ്ടും സംഭാവന ചോദിച്ചപ്പോഴാണ് കണക്ക് ആവശ്യപ്പെട്ടത്. അത് ഇടവകാംഗങ്ങളുടെ അവകാശമാണ്. മറ്റ് പള്ളികളിൽ ചെയ്യുന്നുണ്ട്. കണക്ക് ചോദിക്കുന്നവരെ അകറ്റി നിറുത്തുന്ന സമീപനമാണ് വികാരിയുടേത്.
ജോർജ് ഷാജു, പ്രസിഡന്റ്
ഇടവക സംരക്ഷണ സമിതി
കണക്ക് അവതരിപ്പിച്ചതാണ്
2019-20 വരെയുള്ള കണക്കുകൾ പാരിഷ് കൗൺസിലിൽ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ ഹാൾ നിർമ്മാണത്തിന്റെ വിവരങ്ങളും ഉണ്ട്. മറ്റ് കാര്യങ്ങൾ സിനഡ് ചട്ടം അനുസരിച്ച് ചെയ്യും.
സെബാസ്റ്റ്യൻ കല്ലൂർ
കൈക്കാരൻ
കൂനമ്മാവ് പള്ളി
1844ൽ തുറന്ന സെന്റ് ഫിലോമിനാസ് പള്ളി വരാപ്പുഴ രൂപതയുടെ ഏറ്റവും പഴക്കം ചെന്ന ക്രിസ്ത്യൻ ദേവാലയങ്ങളിലൊന്ന്. 1600ൽ പരം കുടുംബങ്ങളും 5000ൽപരം അംഗങ്ങളുമുണ്ട്. ഡിസംബർ 26ന് തിരുനാൾ കൊടിയേറി. ഇന്നാണ് സമാപനം. തിരുനാൾ പ്രമാണിച്ച് സംരക്ഷണസമിതിക്കാർ സമരം നിറുത്തി വച്ചിരിക്കുകയാണ്.