നെടുമ്പാശേരി: യാക്കോബായ, ഓർത്തഡോക്‌സ് വിഭാഗങ്ങൾ ഇരു സഭകളായി പിരിഞ്ഞ് സൗഹൃദത്തോടെ സഹോദര സഭകളായി പ്രവർത്തിക്കാനും ഓർഡിനൻസ് വഴി ശാശ്വതസമാധാനം പുന:സ്ഥാപിക്കാനും മുഖ്യമന്ത്രി നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണയുമായി ക്വസ്റ്റ് ഫോർ പീസ് സഭാ സമാധാന സമിതി.
സഭാതർക്കം ശാശ്വതമായി പരിഹരിക്കാനും ക്രമസമാധാന പ്രശ്‌നങ്ങൾ ഒഴിവാക്കി ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന ആരാധനാ സ്വാതന്ത്ര്യം ജനങ്ങൾക്ക് ഉറപ്പാക്കാനും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്ന നടപടികളെയും ഇതര ക്രൈസ്തവ സഭകൾ നൽകുന്ന പിന്തുണയെയും സമിതി സ്വാഗതംചെയ്തു. രക്ഷാധികാരി പൂവന്തറ മത്തായി കോർ എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്തു. ഔസേഫ് പാത്തിക്കൽ കോർ എപ്പിസ്‌കോപ്പ അദ്ധ്യക്ഷനായിരുന്നു. ജനറൽ കൺവീനർ ഫാ. വർഗീസ് കല്ലാപ്പാറ, വർഗീസ് ചെമ്പോല തുടങ്ങിയവർ പ്രസംഗിച്ചു.