sep

കൊച്ചി: പ്രാധാന്യം തിരിച്ചറിഞ്ഞ് എൽ.എൻ.ജി പൈപ്പ്ലൈൻ പദ്ധതിക്കൊപ്പം നിലയുറപ്പിച്ച കേരളകൗമുദിയുടെ നിലപാടുകളും നിർണായകമായി. പദ്ധതിയുടെ തുടക്കം മുതൽ പൂർത്തീകരണം വരെ കേരളകൗമുദി ഒപ്പത്തിനൊപ്പമുണ്ടായിരുന്നു.

കൊച്ചിയിൽ എൽ.എൻ.ജി ടെർമിനൽ നിർമ്മാണം ആരംഭിച്ചതുമുതൽ പദ്ധതിയുടെ ഗുണവശങ്ങൾ കേരളകൗമുദി റിപ്പോർട്ട് ചെയ്തു. ചില സംഘടനകൾ പ്രചരിപ്പിച്ച തെറ്റായ ആശങ്കകൾക്കെതിരെ നിലപാടും സ്വീകരിച്ചു. പ്രതിഷേധം അക്രമത്തിലേക്ക് തിരിഞ്ഞതോടെ പദ്ധതി ഉപേക്ഷിക്കാൻ ഗെയിൽ തീരുമാനിച്ചിരുന്നു.

കേരളത്തിന്റെ വികസന പദ്ധതികൾ അവതരിപ്പിച്ച 'സ്‌മാർട്ട് കേരള' പരമ്പരയിൽ ഗെയിൽ പൈപ്പ്ലൈനും വിഷയമായി. 2015 സെപ്തംബർ 15 ന് ഒന്നാംപേജിൽ പ്രസിദ്ധീകരിച്ച 'പിടിവാശി, വോട്ട് ബാങ്ക്: കേരളത്തിന് നഷ്ടം 1500 കോടി' എന്ന റിപ്പോർട്ട് പൈപ്പ്ലൈൻ പദ്ധതിയുടെ പ്രാധാന്യം വ്യക്തമാക്കി. 3000 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ടെർമിനിൽ വെറുതെ കിടക്കുന്നതും പൈപ്പ്ലൈൻ പൂർത്തിയായാൽ കേരളത്തിന് ലഭിക്കുന്ന നികുതി വരുമാനവും റിപ്പോർട്ട് ചെയ്തു.

'ആശങ്ക വെറുതെ, എൽ.എൻ.ജി പൈപ്പ്ലൈൻ സുരക്ഷിതം' എന്ന തലക്കെട്ടിൽ സെപ്തംബർ 16 ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രതിഷേധക്കാർ ഉന്നയിച്ച ആരോപണങ്ങളുടെ മുനയൊടിച്ചു. പൈപ്പിടൽ ജോലി മുതൽ എൽ.എൻ.ജി കടത്തിവിടുന്നതിലെ സുരക്ഷിതത്വം വരെ വിശദീകരിച്ചു. ഗൾഫിലെ ഉൾപ്പെടെ വിദേശങ്ങളിലെ പൈപ്പ്ലൈൻ ശൃംഖലയെക്കുറിച്ചും വിശദീകരിക്കുന്നതായിരുന്നു റിപ്പോർട്ട്.

പദ്ധതിയെ അനുകൂലിക്കുമ്പോഴും ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്ന നിർദ്ദേശവും കേരളകൗമുദി മുന്നോട്ടുവച്ചു.പദ്ധതി പൂർത്തിയാക്കുന്നതിൽ ഈ റിപ്പോർട്ടുകൾക്കുമുണ്ട് നിർണായക പങ്ക്.നിർമ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും പുരോഗതി വിവരിക്കുന്ന നിരവധി റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു. ജനുവരി 5 ന് പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി കമ്മിഷൻ ചെയ്യുമെന്ന വാർത്ത ആദ്യം പ്രസിദ്ധീകരിച്ചതും കേരളകൗമുദിയാണ്.