തൃപ്പൂണിത്തുറ: എസ്.എൻ. ജംഗ്ഷനിൽ നിന്നും റെയിൽവേസ്റ്റേഷൻ വരെ മെട്രോ നീട്ടുമ്പോൾ റോഡ് സൗകര്യം കൂടി ഉറപ്പു വരുത്തണമെന്ന് ഹൈബി ഈഡൻ എം.പി. ആവശ്യപ്പെട്ടു.തൃപ്പൂണിത്തുറ രാജനഗരി യൂണിയൻ ഒഫ് റസിഡന്റ്സ് അസോസിയേഷൻ (ട്രുറ) ഈ ആവശ്യം ഉന്നയിച്ച് കിഴക്കേകോട്ടെ ജംഗ്‌ഷനിൽ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.പി. മെട്രോ അവസാനിക്കുന്ന റെയിൽവേസ്റ്റേഷൻ വരെ റോഡ് സൗകര്യം ഉറപ്പുവരുത്തേണ്ടത് കെ.എം.ആർ.എല്ലിന്റെ ഉത്തരവാദിത്വമാണെന്നും എം.പി പറഞ്ഞു.. ട്രുറ ചെയർമാൻ വി.പി പ്രസാദ് അദ്ധ്യക്ഷനായിരുന്നു.നഗരസഭ അദ്ധ്യക്ഷ രമാ സന്തോഷ്, വൈസ് ചെയർമാൻ കെ.കെ. പ്രദീപ്പ് കുമാർ, കോൺഗ്രസ് നേതാവ് എ.ബി. സാബു, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ശ്രീക്കുട്ടൻ തുണ്ടത്തിൽ, പി.വി.ചന്ദ്രബോസ്, വി.സി. ജയേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.