rajamma-paravur-
രാജമ്മക്ക് സ്പോൺസർമാരിൽ നിന്നും ലഭിച്ച കട്ടിലും കിടക്കയും പറവൂർ തഹസിൽദാർ എം.എച്ച്. ഹരീഷ്, പഞ്ചായത്ത് അംഗം മിനി വർഗ്ഗീസ് മാണിയാറ ചേർന്ന് കൈമാറുന്നു. ഡെപ്യൂട്ടി തഹസിൽദാർ ടി.എഫ്. ജോസഫ് സമീപം.

പറവൂർ: താമസിക്കാൻ അടച്ചുറപ്പുള്ള വീടോ, കിടക്കാൻ ഒരു കട്ടിലോയില്ലാതെ ജീവിതം വഴിമുട്ടിയ വൃദ്ധയ്ക്ക് കട്ടിലും കിടക്കയും നൽകി. കുഞ്ഞിത്തൈ കുറുപ്പശ്ശേരി പരേതനായ ചന്ദ്രന്റെ ഭാര്യ രാജമ്മയ്ക്കാണ് വടക്കേക്കര ഗ്രാമപഞ്ചായത്ത് അംഗം മിനി വർഗ്ഗീസ് മാണിയാറയുടെ ശ്രമഫലമായി കട്ടിൽ ലഭിച്ചത്. ഒന്നര സെന്റ് സ്ഥലത്തെ പ്ലാസ്റ്റിക്ക് ഷീറ്റ് കെട്ടിമറച്ച കുടിലിലാണ് താമസം. തിരഞ്ഞെടുപ്പ് സമയത്ത് വോട്ടഭ്യർത്ഥിച്ച സ്ഥാനാർത്ഥികളോടുള്ള വൃദ്ധയിടെ ആവശ്യം കിടക്കാൻ അടച്ചുറവുള്ള ഒരു വീടും, കട്ടിലുമായിരുന്നു. ഇവിടെ വിജയിച്ച മിനി വർഗ്ഗീസ് പറവൂർ തഹസിൽദാർ എം.എച്ച്. ഹരീഷിനു മുന്നിൽ ശ്രദ്ധയിൽപ്പെടുത്തി. തഹസിൽദാരാണ് സ്പോൺസറെ കണ്ടെത്തി കട്ടിൽ, കിടക്ക, തലയിണ, ബഡ്ഷീറ്റ്, പുതപ്പ് എന്നിവ ലഭ്യമാക്കി. കഴിഞ്ഞ ദിവസം ഇവയെല്ലാം രാജമ്മക്ക് കൈമാറി. പ്ലാസ്റ്റിക്ക് ഷീറ്റ് മേഞ്ഞ വീടിനു പകരം അടച്ചുറപ്പുള്ള ഒരു മുറിയാണ് ഇനി രാജമ്മയുടെ ആവശ്യം. ചുറ്റം കാടുപിടിച്ച് കിടക്കുന്ന പറമ്പിൽ നിന്നും പാമ്പ് ഉൾപ്പെടെയുള്ള ഇഴജന്തുക്കളുടെ ഉപദ്രവം ഭയപ്പെട്ടാണ് രാജമ്മ ഓരോ ദിവസവും കഴിയുന്നത്. മത്സ്യ തൊഴിലാളിയായിരുന്ന രാജമ്മയുടെ ഭർത്താവ് വർഷങ്ങൾക്ക് മുമ്പ് മരിച്ചു. മക്കൾ വിവാഹിത്തിനു ശേഷം ഭർത്തൃവീട്ടിലാണ് താമസിക്കുന്നത്.