lng

വിദേശങ്ങളിൽ സുലഭമായ പ്രകൃതി വാതകം ദ്രവരൂപത്തിലാക്കുന്നതാണ് ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി). ദ്രവരൂപത്തിൽ കപ്പലിൽ ഇറക്കുമതി ടെർമിനലിൽ എത്തിക്കും. ദ്രവരൂപത്തെ വീണ്ടും വാതകരൂപത്തിലാക്കി സംഭരിക്കും. പൈപ്പ്ലൈനിലൂടെ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതാണ് പദ്ധതി.

മൂന്നു വിധത്തിൽ

1. എൽ.എൻ.ജി : വ്യവസായശാലകൾക്ക് ഇന്ധനമായി എൽ.എൻ.ജി നൽകും. പ്ളാന്റുകൾ പ്രവർത്തിപ്പിക്കാനും വൈദ്യുതിയുണ്ടാക്കാനും എൽ.എൻ.ജി ഉപയോഗിക്കാം. കൊച്ചി മുതൽ മംഗലാപുരം വരെ എൽ.എൻ.ജി വിതരണം ചെയ്യും.

2. സി.എൻ.ജി : വാഹനങ്ങൾക്ക് ഇന്ധനമായി നൽകുന്നതാണ് സി.എൻ.ജി. പ്രധാന പൈപ്പ്ലൈനുകൾക്ക് സബ് സ്റ്റേഷനുകളുണ്ട്. അവിടെ ചെറിയ സംസ്കരണം വഴി കംപ്രസ്ഡ് നാച്വറൽ ഗ്യാസ് (സി.എൻ.ജി) രൂപത്തിലാക്കി ഉപപൈപ്പുകൾ വഴി പമ്പുകളിലെത്തിച്ച് വാഹനങ്ങൾക്ക് ഇന്ധനമായി നൽകും.

3.സിറ്റി ഗ്യാസ് :

ഗാർഹിക ആവശ്യങ്ങൾക്ക് പാചകത്തിന് നൽകുന്ന പ്രകൃതി വാതകമാണ് സിറ്റി ഗ്യാസ്. പ്രധാനപൈപ്പിൽ നിന്ന് സബ് സ്റ്റേഷൻ വഴി ഉപപൈപ്പ് ലൈൻ സ്ഥാപിച്ചാണ് വീടുകളിലും സ്ഥാപനങ്ങളിലും സിറ്റി ഗ്യാസ് എത്തിക്കുക. എറണാകുളം മുതൽ കാസർകോട് വരെ ഇന്ത്യൻ ഓയിൽ അദാനി സംയുക്ത സംരംഭമാണ് സിറ്റി ഗ്യാസ് വിതരണം ചെയ്യുക.

സംസ്ഥാനത്തിന് വരുമാനം

നികുതിയിനത്തിൽ വൻതുക സർക്കാരിന് ലഭിക്കും. എൽ.എൻ.ജി ഇറക്കുമതി ചെയ്യുമ്പോഴും വിൽക്കുമ്പോഴും സംസ്ഥാനത്തിന് നികുതി ലഭിക്കും. പൂർണതോതിൽ പൈപ്പ്ലൈൻ പ്രവർത്തിക്കുമ്പോൾ 750 മുതൽ 1000 കോടി രൂപ വരെ പ്രതിവർഷം സർക്കാരിന് ലഭിക്കും.

പരിസ്ഥിതിസൗഹൃദം

പ്രകൃതിവാതകങ്ങൾ മലിനീകരണം മറ്റ് ഇന്ധനങ്ങളെക്കാൾ 25 ശതമാനം കുറയ്ക്കും. പരിസ്ഥിതിസൗഹൃദമായതിനാൽ ഹരിത ഇന്ധനം എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്.

സുരക്ഷിതം

വായുവിനെക്കാൾ ഭാരം കുറവാണ് പ്രകൃതിവാതകങ്ങൾക്ക്. ചോർച്ച സംഭവിച്ചാൽ പോലും ഭാരക്കുറവ് മൂലം അതിവേഗം മുകളിലേക്ക് പോകും. തീപിടിക്കാൻ സാദ്ധ്യതയില്ല. എൽ.പി.ജി ഭാരം കൂടിയതാണ്. ചോർന്നാൽ താഴെനിൽക്കുന്നതിനാൽ തീപിടിക്കാൻ സാദ്ധ്യത കൂടുതലാണ്.

വ്യവസായ സാമ്പത്തിക വളർച്ച

പ്രകൃതിവാതകം വില കുറഞ്ഞതായതിനാൽ വ്യവസായങ്ങൾക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണകരം. മറ്റ് ഇന്ധനങ്ങളെക്കാൾ 25 ശതമാനം വിലക്കുറവായത് വ്യവസായങ്ങളുടെ ചെലവ് കുറയ്ക്കും.