പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്തിലെ തോടുകളുടെ വികസനത്തിൽ വാക്ക്പോര് മുറുകുന്നു. ജില്ലാ പഞ്ചായത്തംഗവും സ്ഥലം എം.എൽ.എയുമാണ് കൊമ്പ് കോർത്തിരിക്കുന്നത്. പഞ്ചായത്തിലെ രണ്ട് തോടുകളുടെ ഫണ്ട് ലഭിച്ചതിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാനാണ് എം.എൽ.എ ശ്രമിക്കുന്നതെന്ന് പഞ്ചായത്തംഗം ശാരദ മോഹനൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

കഴിഞ്ഞദിവസം ശാരദാ മോഹന്റെ ഡിവിഷനിൽപ്പെട്ട ഒക്കൽ പഞ്ചായത്തിലെ രണ്ട് തോടുകൾ വികസിപ്പിക്കുന്നതിനായി 2.30 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ ഇതിന്റെ കാര്യങ്ങൾക്കായി രണ്ടുവർഷമായി പ്രയത്‌നിച്ച ജനപ്രതിനിധികളെയും അപേക്ഷകരെയും ഞെട്ടിച്ച് എം.എൽ.എ ഇതിന്റെ പിതൃത്വം ഏറ്റെടുത്ത് മാദ്ധ്യമങ്ങളിൽ വാർത്ത നൽകുകയും ഫ്ള്ക്‌സ് ബോർഡുകൾ നിരത്തുകയും ചെയ്തതാണ് ശാരദയെ ചൊടിപ്പിച്ചത്. 2018ൽ കൈയേറ്റം ഒഴിവാക്കി മണ്ണ് നീക്കംചെയ്ത് സംരക്ഷണഭിത്തികെട്ടി തോട് സംരക്ഷിക്കുന്നതിനായി പാടശേഖര സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനപ്രകാരം കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന് ശാരദ മോഹനനും മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.വി. ശശിയും അന്നത്തെ വാർഡ് അംഗം വിലാസിനി സുകുമാരനും ചേർന്ന് നിവേദനം സമർപ്പിച്ചു. ഈ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ കെ.എൽ.ഡി.സിയിൽനിന്ന് അന്വേഷണം നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കി. കെ.എൽ.ഡി.സി ബോർഡിൽ സമർപ്പിച്ച് അവർ പദ്ധതി അംഗീകരിച്ച് കൃഷിവകുപ്പിന്റെ അംഗീകാരത്തിനായി സമർപ്പിച്ചു.

കൊടുവേലിത്തുറ സംരക്ഷിക്കാൻ അഞ്ച് കോടിയും ഏത്താപ്പിള്ളി തോടിന് 6000000 രൂപയുടെ പദ്ധതിയുമാണ് സമർപ്പിച്ചത്. എന്നാൽ പദ്ധതിയിൽ ഫണ്ട് ലഭ്യത കുറവുകൊണ്ട് ആദ്യ ഗഡുവായി 1,75,56000 രൂപ കൊടുവേലിത്തുറക്കും ഏത്താപ്പിള്ളി തോടിന്റെ ചെല്ലോപ്പാടം ഭാഗം ഭിത്തികെട്ടി സംരക്ഷിക്കാൻ 54,83,000 രൂപയും അനുവദിച്ചു, കെ.എൽ.ഡി.സി. തോട്ടിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കംചെയ്യുമ്പോൾ നിക്ഷേപിക്കുന്നതിനുള്ള സ്ഥലവും അനുവദിച്ച് തരുന്നതിനും ബണ്ട് കെട്ടി സംരക്ഷിക്കുമ്പോൾ ഭൂമി സംബന്ധമായ തർക്കം വന്നാൽ പഞ്ചായത്ത് പരിഹരിക്കണമെന്നും പഞ്ചായത്ത് ഭരണസമിതിയോട് ആവശ്യപ്പെട്ടിരുന്നു. 15 ാം വാർഡ് മുൻ അംഗം അമ്പിളി ജോഷി ഇത് സംബന്ധിച്ച് പഞ്ചായത്തിൽ പ്രമേയം അവതരിപ്പിച്ച് മുൻ പഞ്ചായത്ത് പ്രസിഡന്റ് രമ ബാബു ആവശ്യമായ നടപടി സ്വീകരിച്ചുകൊള്ളാമെന്ന് ഉറപ്പും നൽകിയിരുന്നു. ഇത്രയും കാര്യങ്ങൾക്കായി ഓടിനടന്ന തങ്ങളെ മാറ്റിനിർത്തി തുക അനുവദിച്ചപ്പോൾ എം.എൽ.എ ക്രനഡിറ്റ് ഏറ്റെടുക്കാൻ ശ്രമിക്കുകയാണെന്നാണ് ശാരദ മോഹൻ ആരോപിക്കുന്നത്.

അതേസമയം ഈ വിഷയത്തിൽ ജനപ്രതിനിധികളുമായി തർക്കത്തിനില്ലെന്ന് എൽദോസ് കുന്നപ്പിളളി എം.എൽ.എ പ്രതികരിച്ചു. മണ്ഡലത്തിലെ മുഴുവൻ വികസനകാര്യങ്ങളിലും രാഷ്ട്രീയം കാണാത്തയാളാണ് താൻ. ഈ തോടുകളുടെ പുനരുദ്ധാരണത്തിനായി രണ്ടരവർഷം മുമ്പേ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. അതിനാൽ ഈ വിഷയത്തിൽ തന്റേതായ പങ്ക് ബന്ധപ്പെട്ടവർക്ക് അറിയാമെന്നും എം.എൽ.എ പറഞ്ഞു.