കൊച്ചി: മേയറും ഡെപ്യൂട്ടിമേയറും മറ്റ് കൗൺസിൽ അംഗങ്ങളും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റതിന് പിന്നാലെ, കോർപ്പറേഷൻ ഭരണസമിതിയിലേക്കുള്ള വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരെയും ഉടൻ തിരഞ്ഞെടുക്കും. സുപ്രധാനമായ എട്ട് സ്റ്റാൻഡിംഗ് കമ്മിറ്റികളിലേക്കാണ് അദ്ധ്യക്ഷൻമാരെയും അംഗങ്ങളെയും നിശ്ചയിക്കാനുള്ളത്. നിലവിലെ കക്ഷിനിലയനുസരിച്ച് ഭരണം നടത്തുന്ന എൽ.ഡി.എഫിന് ആറ് സ്റ്റാൻഡിംഗ് കമ്മിറ്റികളും പ്രതിപക്ഷത്തുള്ള യു.ഡി.എഫിന് രണ്ട് സ്റ്റാൻഡിംഗ് കമ്മിറ്റികളും കിട്ടാനാണ് സാദ്ധത. വികസനം, ക്ഷേമം, ആരോഗ്യം, മരാമത്ത്, നഗരാസൂത്രണം, നികുതി അപ്പീൽ, വദ്യാഭ്യാസം എന്നിവയാണ് ഭരണസമിതിയിലെ സ്റ്റാൻഡിംഗ് കമ്മിറ്റികൾ. പത്തിന് ശേഷമായിരിക്കും അദ്ധ്യക്ഷന്മാരെയും അംഗങ്ങളെയും തിരഞ്ഞെടുക്കുക.
തിരഞ്ഞെടുപ്പ്
74 അംഗകൗൺസിലിൽ എൽ.ഡി.എഫിന് രണ്ട് സ്വതന്ത്രന്മാരുടെതുൾപ്പെടെ 36 അംഗങ്ങളുടെ പിന്തുണയും യു.ഡി.എഫിനാണെങ്കിൽ ഒരു സ്വതന്ത്ര പിന്തുണയോടെ 32 അംഗങ്ങളുമാണ് കൗൺസിലിലുള്ളത്. കൂടാതെ അഞ്ച് ബി.ജെ.പി അംഗങ്ങളും ഈ കൗൺസിലിലുണ്ട്. അതിനാൽ ആറ് പ്രധാന സ്റ്റാൻഡിംഗ് കമ്മിറ്റികൾ എൽ.ഡി.എഫ് തിരഞ്ഞെടുക്കും. മറ്റുള്ള രണ്ടിലേക്ക് യു.ഡി.എഫ് സമവായത്തിലെത്തുകയാണെങ്കിൽ തിരഞ്ഞെടുപ്പ് ഉണ്ടാവില്ല. ഏതെങ്കിലും സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് യു.ഡി.എഫ് അവകാശവാദം ഉന്നയിക്കുകയാണെങ്കിൽ തിരഞ്ഞെടുപ്പ് നടക്കും. മിക്കവാറും സമവായത്തിൽ കാര്യങ്ങൾ അവസാനിക്കാനാണ് സാദ്ധ്യത. എൽ.ഡി.എഫിന് പിന്തുണ നൽകുന്നതിന് മുമ്പ് ആരോഗ്യം, പൊതുമരാമത്ത് എന്നീ സ്റ്റാൻഡിംഗ് കമ്മിറ്റികൾ വേണമെന്ന് സ്വതന്ത്രന്മാരായ രണ്ട് അംഗങ്ങൾ നേരത്തെ ഉറപ്പ് വാങ്ങിയിരുന്നു.
അതിനാൽ അത് ഒഴികെയുള്ള മറ്റ് സമിതികളിലേക്കാവും അംഗങ്ങളെ കണ്ടെത്തുക. 36 അംഗങ്ങളുള്ള എൽ.ഡി.എഫിൽ നിന്ന് മേയറും ഡെപ്യൂട്ടിമേയറും ഒഴികെ 34 അഗങ്ങളെയാണ് സ്റ്റാൻഡിംഗ് കമ്മിറ്റികളിലേക്ക് പരിഗണിക്കുന്നത്. അദ്ധ്യക്ഷനുൾപ്പെടെ ആറ് അംഗങ്ങളാണ് ഒരു കമ്മിറ്റിയിൽ വരിക. അങ്ങനെ ആറ് കമ്മിറ്റികളിലേക്ക് മാത്രമേ എൽ.ഡി.എഫിന് സാദ്ധ്യതയുള്ളൂ. 32 അംഗങ്ങളുള്ള യു.ഡി.എഫിന് അവശേഷിക്കുന്ന രണ്ട് കമ്മിറ്റികളും കിട്ടും. അഞ്ച് അംഗങ്ങളുള്ള ബി.ജെ.പിക്ക് സ്റ്റാൻഡിംഗ് കമ്മിറ്റികൾ ഒന്നും കിട്ടാൻ സാദ്ധ്യതയില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ബി.ജെ.പിയുമായി ചേർന്ന് സ്റ്റാൻഡിംഗ് കമ്മിറ്റികൾ പിടിക്കാൻ എൽ.ഡി.എഫും യു.ഡി.എഫും തയാറാവുകയുമില്ല.