അങ്കമാലി: സ്‌കൂട്ടറിന്റെ പിന്നിലിടിച്ചുണ്ടായ അപകടത്തിൽ റോഡിൽ വീണ യുവതിയെ ഇടിച്ചുവീഴ്ത്തിയ സ്‌കൂട്ടർ യാത്രക്കാരി മർദിച്ചു. മാമ്പ്ര സ്വദേശിനി അഞ്ജലിക്കാണ് (20) മർദനമേറ്റത്. വസ്ത്രവും വലിച്ചുകീറി. സംഭവവുമായി ബന്ധപ്പെട്ട് കോടുശേരി പൊന്നാടത്ത് വീട്ടിൽ സിപ്‌സിയെ (കൊച്ചുത്രേസ്യ 48) അങ്കമാലി പൊലീസ് അറസ്റ്റുചെയ്തു. ഇന്നലെ രാവിലെ അങ്കമാലി ടി.ബി. ജംഗ്ഷനിലായിരുന്നു സംഭവം.
ഇരുവരും ഒരേ ദിശയിൽ സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ
സിപ്‌സിയുടെ സ്‌കൂട്ടർ അഞ്ജലി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ പിന്നിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണഅഞ്ജലിയെ സൈഡ് തന്നില്ലെന്ന് പറഞ്ഞ് ആക്രോശിച്ച് സിപ്‌സി മർദിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവംകണ്ടുനിന്ന നാട്ടുകാർ സിപ്‌സിയെ തടഞ്ഞുവെച്ച് പൊലീസിനെ ഏൽപ്പിച്ചു. പൊലീസ് അഞ്ജലിയെ താലൂക്ക് ആശുപത്രിയിൽ
എത്തിച്ച് ചികിത്സ ലഭ്യമാക്കി. തുടർന്ന് വീട്ടുകാരെ വിളിച്ചുവരുത്തി കൂടെ വിട്ടയച്ചു.
അങ്കമാലി എസ്.ഐ സൂഫി, പൊലീസുകാരായ രാജൻ, റോബിൻ, ശ്രീജ എന്നിവരുടെ നേതൃത്വത്തിലാണ് സിപ്‌സിയെ അറസ്റ്റ് ചെയ്തത്. അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.