bjp

ഏലൂർ: സി.പി.എമ്മും കോൺഗ്രസും രാഷ്ട്രീയ മാന്യതയും അന്തസും കാണിച്ചിരുന്നെങ്കിൽ കേരളത്തിൽ ബി.ജെ.പി ചരിത്ര വിജയം കൈവരിക്കുമായിരുന്നെന്ന് എം.ടി.രമേശ് പറഞ്ഞു. കാസർകോട് മുതൽ തിരുവനന്തപുരം വരെ ഇരുകൂട്ടരും ഇരുളിന്റെ മറവിൽ ബി.ജെ.പിയെ തോൽപ്പിക്കാൻ കൈകോർക്കുകയായിരുന്നു. എസ്.ഡി.പി.ഐയേയും ജമാഅത്ത് ഇസ്ലാമിയെയും കൂട്ടുപിടിക്കാൻ ഒരു മടിയും കാണിച്ചില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചവർക്കായി ഏലൂർ പാട്ടുപുരയ്ക്കൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെന്നിത്തലയിൽ സി.പി.എമ്മിനെ പ്രസിഡന്റാക്കാൻ കോൺഗ്രസ് വോട്ടു ചെയ്തു. പത്തനംതിട്ടയിലും ഷൊർണൂരും എസ്.ഡി.പി.ഐ ബന്ധുക്കളായി മാറി പട്ടാമ്പിയിൽ ജമാ അത്ത് ഇസ്ലാമിയും സ്വന്തക്കാരനായി. കോൺഗ്രസും സി.പി.എമ്മും പട്ടാപകൽ ഒരുമിച്ച് നേർക്കുനേരെ നിന്ന് ബി.ജെയ.പിയോട് പോരാടാമായിരുന്നു. പിണറായിയുടെ ധർമ്മടം പഞ്ചായത്തിൽ ചരിത്രത്തിലാദ്യമായി മൂന്നു ബി.ജെ.പിക്കാർ വിജയ കൊടി പാറിച്ചു. ഇത് വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ചൂണ്ടുപലകയാണിതെന്ന് രമേശ് ചൂണ്ടിക്കാട്ടി. കേരളത്തിന്റെ രാഷ്ട്രീയ രംഗത്ത് അടയാളപ്പെടുത്തിയ പ്രദേശമായ് ഏലൂർ മാറിയെന്ന് എം.ടി.രമേശ് പറഞ്ഞു. മുനിസിപ്പൽ പ്രസിഡന്റെ വി.വി പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കൗൺസിലർമാരായ കൃഷ്ണപ്രസാദ് , ഭായ് ഗോപി , അനിൽ, എസ്.ഷാജി, സാജു തോമസ് വടശേരി, ചന്ദ്രിക രാജൻ, പ്രമോദ് എന്നിവർക്ക് സ്വീകരണം നൽകി. മണ്ഡലം പ്രസിഡന്റ് ഷാജി മൂത്തേടൻ, മദ്ധ്യമേഖല ജനറൽ സെക്രട്ടറി എൻ.പി ശങ്കരൻ കുട്ടി, ജില്ലാ സെക്രട്ടറി ആർ.സജികുമാർ, ജില്ലാ ഉപാദ്ധ്യക്ഷ ഗിരിജ ലെനീന്ദ്രൻ, കർഷകമോർച്ച ജില്ലാ സെക്രട്ടറി സുനിൽ ,മുനിസിപ്പൽ സെക്രട്ടറി പി.ടി ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.