bust-stop

കൊച്ചി: ദേ നോക്കിയെ, ഉപയോഗമില്ലെന്ന് കരുതി വലിച്ചെറിഞ്ഞ സൈക്കിൾ ചക്രങ്ങൾക്ക് എന്തൊരു ഭംഗി ! കോട്ടയം - എറണാകുളം റൂട്ടിൽ തൃപ്പൂണിത്തുറ പുതിയകാവിലെ ബസ് കാത്തിരിപ്പുകേന്ദ്രം കണ്ടാൽ ആരും ഇങ്ങനെ ചിന്തിച്ചുപോകും. ദൃശ്യ മികവ്, ആസൂത്രണത്തിലെ കൃത്യത, ആവിഷ്കാരമികവ് അതൊക്കെയാണ് സമാനതകളില്ലാത്ത ഈ കാത്തിരിപ്പു കേന്ദ്രത്തിന്റെ ആകെത്തുക. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള പ്രാദേശിക കൂട്ടായ്മയാണ് ഈ ബസ് കാത്തിരുപ്പ് കേന്ദ്രം നിർമിച്ചത്. ആളുകൾ ഉപേക്ഷിച്ചു കളഞ്ഞ സൈക്കിൾ ചക്രങ്ങളും സ്പെയർ പാർട്സുമൊക്കെയാണ് നിർമാണ സാമഗ്രികൾ. നാടിനും നാട്ടുകാർക്കും ശല്യമായി എവിടെയെങ്കിലുമൊക്കെ കിടന്ന് തുരുമ്പെടുത്ത് നശിച്ചുപോകുമായിരുന്ന ആക്രിസാധനങ്ങൾ ജനപോകാരപ്രദമായി വിനിയോഗിക്കാമെന്ന് തെളിയിച്ച തന്ത്രമാണ് ഇവിടെ പ്രായോഗികമാക്കിയത്.

പുതിയകാവിൽ നാളുകൾക്ക് മുമ്പ് ഉണ്ടായിരുന്ന ബസ് കാത്തിരുപ്പ് കേന്ദ്രം വാഹനം ഇടിച്ച് തകർന്നതിനെത്തുടർന്ന് ജനങ്ങൾ വഴിയരികിൽ നിൽക്കേണ്ട അവസ്ഥയുണ്ടായി. ഇതിന് പരിഹാരമുണ്ടാക്കാനാണ് പാർട്ടിപ്രവർത്തകർ രംഗത്തിറങ്ങിയത്. പഴയ സൈക്കിളുകളുടെ ചക്രങ്ങളും മറ്റു ഭാഗങ്ങളും ഉപയോഗിച്ചതുകാരണം ചെലവ് കുറഞ്ഞെന്നുമാത്രമല്ല, സംഗതി വ്യത്യസ്തവുമായി. ഏകദേശം ഒരു മാസത്തോളം സമയമെടുത്താണ് വീടുകളിലും സൈക്കിൾ വർക്ക് ഷോപ്പുകളിലുമൊക്കെ ഉപേക്ഷിച്ചിട്ടിരുന്ന നിർമ്മാണ സാമഗ്രഹികൾ ശേഖരിച്ചത്. പിന്നീട് അവയെല്ലാം തുരുമ്പ് കളഞ്ഞ് പെയിന്റടിച്ച് ഭംഗിയാക്കി. കാഴ്ചമികവ് വർദ്ധിപ്പിക്കാൻ സമീപത്തായി പൂച്ചെടികളും നട്ട് പരിപാലിക്കുന്നുണ്ട്. ഇവിടെ നിന്ന് ഏറെ അകലെയല്ലാത്ത മറ്റൊരു വെയിറ്റിംഗ് ഷെഡും വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. ആളുകൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകളാണ് അവിടുത്തെ നിർമാണസാമഗ്രികൾ