കൊച്ചി: കൊച്ചി - മംഗലാപുരം പൈപ്പ്ലൈനിന്റെ പൂർത്തീകരണത്തിന് പിന്നിൽ ഒരു മലയാളിയുണ്ട്. ഗെയിലിന്റെ ജനറൽ മാനേജർ ടോമി മാത്യു. പ്രതിസന്ധിഘട്ടങ്ങൾ ഒന്നൊന്നായി വന്നപ്പോഴും പദ്ധതി നിർവഹണച്ചുമതല വഹിച്ച് അദ്ദേഹമാണ്. ചങ്ങനാശേരി സ്വദേശിയായ ടോമി മാത്യു കോതമംഗലം എം.എ. എൻജിനീയറിംഗ് കോളേജിൽ നിന്ന് 1987 ബിരുദം നേടിയത്. 2010 ൽ ഗെയിലിൽ ചേർന്നു. പൈപ്പിടൽ പ്രതിസന്ധി നേരിട്ട കാലങ്ങളിൽ സംസ്ഥാന സർക്കാരുമായും വിവിധ വകുപ്പുകളുമായും ബന്ധപ്പെട്ടത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. 2020 ഒക്ടോബറിൽ പദ്ധതി പൂർത്തിയാക്കാൻ ലക്ഷ്യമിട്ടെങ്കിലും കാസർകോട്ടെ ചന്ദ്രഗിരിപ്പുഴയ്ക്ക് കുറുകെ ടണൽ നിർമ്മിച്ച് പൈപ്പിടുന്നതിലുണ്ടായ സാങ്കേതിക തടസമാണ് ഒരുമാസം കൂടി വൈകാൻ കാരണമായത്.
മൂന്നു മാസം മുൻപ് ടോമിയെ മഹാരാഷ്ട്രയിലെ 6000 കിലോമീറ്റർ വരുന്ന പുതിയ പൈപ്പ്ലൈൻ നിർമ്മാണച്ചുമതല നൽകി സ്ഥലം മാറ്റിയിരുന്നു. കേരളത്തിലെ പണി പൂർത്തിയാക്കാൻ അദ്ദേഹത്തിന് സാവകാശം നൽകി. മംഗലാപുരത്ത് എൽ.എൻ.ജി എത്തിച്ച് പദ്ധതി പൂർത്തിയാക്കിയശേഷമാണ് അദ്ദേഹം ഡിസംബർ അവസാനം മുംബെയിൽ ചുമതലയേറ്റത്.അദ്ദേഹത്തിന്റെ പിൻഗാമിയായ ജനറൽ മാനേജർ ജോസ് തോമസാണ് പൈപ്പ്ലൈനിന്റെ ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ് ചുമതല വഹിക്കുന്നത്.