തിരിച്ചടവിൽ വീഴ്ചയെന്ന് ബാങ്കുകൾ
ആശ്രയം കേരളബാങ്കെന്ന് കരാറുകാർ
കൊച്ചി : കൊവിഡ് കാലത്ത് പ്രതിസന്ധിയിലായ സർക്കാർ കരാറുകാർക്ക് ബാങ്കുകൾ വായ്പ നിഷേധിക്കുന്നതായി പരാതി. വായ്പകളുടെ തിരിച്ചടവ് പലരും വൈകിച്ചതോടെയാണ് അപ്രഖ്യാപിത വായ്പാവിലക്ക് ഏർപ്പെടുത്തിയത്. വെട്ടിലായ തങ്ങളെ രക്ഷിക്കാനും നിർമ്മാണമേഖലയെ സജീവമാക്കാനും കേരള ബാങ്ക് വായ്പ നൽകണമെന്ന് കരാറുകാർ ആവശ്യപ്പെടുന്നു.
സംസ്ഥാനത്തെ പ്രമുഖ ബാങ്കുകൾ കരാറുകാർക്ക് വായ്പ നിഷേധിക്കുന്നതായി ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ആരോപിച്ചു. ഇതുമൂലം നിർമാണപ്രവർത്തനങ്ങൾ തടസപ്പെടുന്ന സ്ഥിതിയിലാണ്. വായ്പ അനുവദിക്കുന്നതിൽ സർക്കാർ കരാറുകാരെ ഗൗരവമായി പരിഗണിക്കേണ്ടെന്നത് ബാങ്കുകളുടെ അപ്രഖ്യാപിത നീലപാട്. തിരിച്ചടവിലെ കാലതാമസത്താലാണ് വായ്പാവിലക്ക്. ഇതുമൂലം കേരളത്തിലെ നൂറുക്കണക്കിന് കരാറുകാർ പ്രതിസന്ധിയിലായി.
ബിൽ പാസാടകാൻ കാലതാമസം
സർക്കാറിന്റെ നിർമ്മാണപ്രവൃത്തികൾ പൂർത്തീകരിച്ച് ബില്ലുകൾ അനുവദിക്കുന്നതിൽ കാലതാമസം പതിവാണ്. പ്രവൃത്തികൾ നിശ്ചിതസമയത്ത് പൂർത്തിയാക്കണമെങ്കിൽ ധനകാര്യ സ്ഥാപനങ്ങളുടെ പിന്തുണ കരാറുകാർക്ക് അനിവാര്യവുമാണ്. കാലതാമസത്തിന്റെ പേരിൽ വായ്പനിഷേധിക്കുന്നത് അനീതിയാണെന്ന് കരാറുകാർ പറയുന്നു. സർക്കാർ പ്രവൃത്തികളിൽ ഭൂരിഭാഗവും അതത് സാമ്പത്തിക വർഷം പൂർത്തിയാക്കേണ്ടതിനാൽ വായ്പയാണ് കരാറുകാർക്ക് ആശ്രയം.
വായ്പയുടെ കാര്യത്തിൽ കരാറുകാരെ സാധാരണ വ്യാപാരികളെപോലെ പരിഗണിക്കുന്നതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. ദിവസക്രമത്തിലും മാസക്രമത്തിലും തിരിച്ചടവ് നടത്താൻ കരാറുകാർക്ക് കഴിയില്ല. ബാങ്കുകൾ അത്തരം തിരിച്ചടവുള്ള വായ്പകളാണ് പ്രോത്സാഹിപ്പിക്കുന്നത്.
കൊവിഡിലെ ഇരട്ടപ്രഹരം
കൊവിഡും ലോക്ഡൗണും കാരണം വൻപ്രതിസന്ധിയിലായ നിർമ്മാണ മേഖലയ്ക്ക് ഇരട്ടപ്രഹരമാണ് ബാങ്കുകളുടെ വിലക്ക്. കോടികൾ നിക്ഷേപമായി സ്വീകരിച്ച് സംസ്ഥാനത്തിന് പുറത്തെ വൻകിട വ്യവസായങ്ങൾക്ക് നൽകി ലാഭമുണ്ടാക്കുന്ന എളുപ്പവഴിയാണ് ബാങ്കുകളുടേതെന്ന് അവർ ആരോപിക്കുന്നു. കേരളത്തിൽ പൊതുനിർമ്മാണത്തിന് കരാർ ജോലികൾ ഏറ്റെടുക്കുന്നവരെ സംരക്ഷിക്കുന്നതിനും നിർമ്മാണങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതിനും സർക്കാരിന്റെ ഇടപെടൽ അനിവാര്യമാണ്. പുതുതായി രൂപീകൃതമായ കേരളാ ബാങ്കിനെ കരാർ സൗഹൃദ ബാങ്കാക്കി മാറ്റി പ്രശ്നം പരിഹരിക്കണമെന്ന് കരാറുകാർ ആവശ്യപ്പെടുന്നു.
മുഖ്യമന്ത്രിയെ കാണും
കേരളാ ബാങ്കിന്റെ സാമ്പത്തിക സഹായം ലഭിച്ചാൽ നിർമ്മാണ പ്രവർത്തനങ്ങൾ കുറച്ചുകൂടി വേഗത്തിലും കുറ്റമറ്റരീതിയിലും പൂർത്തീകരിക്കാൻ സാധിക്കും. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും സഹകരണവകുപ്പ് മന്ത്രിക്കും നിവേദനം സമർപ്പിക്കും.
കെ.ഡി. ജോർജ്
ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ