മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിയ തരിശുരഹിത മൂവാറ്റുപുഴ കാമ്പയിൻ പദ്ധതിയിലൂടെ കാർഷിക പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞുവെന്ന് എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു. പായിപ്ര സർവീസ് സഹകരണ ബാങ്കിന്റെ സമൃദ്ധി സ്വയം സഹായ സംഘം ആട്ടായം പാടത്ത് നടത്തിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാസ്ത്രീയ കൃഷിരീതികളും ജൈവകൃഷിയുടെ പ്രോത്സാഹനവും കൂടുതൽ കർഷകരെ കൃഷിയിലേയ്ക്ക് ആകർഷിച്ചു. വിവിധ സംഘടനകളുടെയും സഹകരണ ബാങ്കുകളുടെയും സ്വയംസഹായ സംഘങ്ങളുടെയും നേതൃത്വത്തിൽ തരിശായിക്കിടന്ന നൂറുകണക്കിന് ഏക്കർ വയൽ കൃഷിയോഗ്യമാക്കി. പുറമേ കപ്പ, വാഴ, പച്ചക്കറി കൃഷികളും ഒരുങ്ങുന്നുണ്ടെന്ന് എൽദോ എബ്രഹാം പറഞ്ഞു. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് കെ.എസ്.റഷീദ് അദ്ധ്യക്ഷത വഹിച്ചു.
വിളവെടുപ്പ് കൺസ്യൂമർഫെഡ് വൈസ് ചെയർമാൻ പി.എം. ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. രണ്ടേക്കർ സ്ഥലത്ത് നെൽകൃഷിയും രണ്ടേക്കർ സ്ഥലത്ത് കപ്പയും വാഴയുമാണ് കൃഷിചെയ്തത്.