ആലുവ: ശതാബ്ദിയിലേക്ക് അടുക്കുന്ന ആലുവ നഗരസഭയുടെ നാഴികക്കല്ലായി ശതാബ്ദി സ്മാരകം സ്ഥാപിക്കുന്നു. ആലുവ നഗരസഭ കൗൺസിൽ രൂപീകൃതമായിട്ട് 100 വർഷം തികയുന്നതിന്റെ ഓർമ്മ പുതുക്കാനായി ആലുവ റെയിൽവേ സ്റ്റേഷൻ സ്‌ക്വയറിലാണ് ശതാബ്ദി സ്മാരകം ഉയരുക.
മുനിസിപ്പൽ ബസ് സ്റ്റാൻഡായി പ്രവർത്തിച്ചിരുന്ന പഴക്കമുള്ള കെട്ടിടം പൊളിച്ചുമാറ്റിയാണ് ശതാബ്ദി സ്മാരകം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്.
ടൗൺ ബസാർ എന്നറിയപ്പെടുന്ന ഇവിടെ സ്വകാര്യ ബാങ്ക് അടക്കം ഇരുപതോളം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എൽ ആകൃതിയിലുള്ള കെട്ടിടത്തിന് പിന്നിൽ ഗ്രൗണ്ടിലായി ഇരുപതോളം സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. എല്ലാ സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാൻ പകരം സ്ഥലം കണ്ടെത്തിയ ശേഷമേ പഴക്കമേറിയ കെട്ടിടം പൊളിക്കുകയുള്ളുവെന്ന് ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ പറഞ്ഞു. പുനരധിവസിപ്പിക്കേണ്ടവരെ പുനരധിവസിപ്പിക്കും. 1973 സെപ്തംബർ എട്ടിനാണ് ടൗൺ ബസാർ കെട്ടിടത്തിന് തറക്കല്ലിട്ടത്.
ശതാബ്ദി സ്മാരത്തിൻെറ രൂപരേഖ തയ്യാറാക്കുന്ന നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും ആലുവയുടെ പ്രൗഡിക്കൊത്ത് റെയിൽവേ സ്റ്റേഷൻ സ്‌ക്വയറിനെ വികസിപ്പിക്കുമെന്നും എം.ഒ. ജോൺ അറിയിച്ചു. 1921 സെപ്തംബർ 15നാണ് ആദ്യ നഗരസഭ കൗൺസിൽ ആലുവയിൽ അധികാരമേറ്റത്.