കൊച്ചി: ആനവണ്ടിയോട്ടം പഴയ ട്രാക്കിലേക്ക് എത്തിയതോടെ എറണാകുളം ഡിപ്പോയുടെ പണപ്പെട്ടിയിൽ കൂടുതൽ നോട്ടുകളും ചില്ലറകളും നിറഞ്ഞു. ലോക്ക് ഡൗണിന് ശേഷം കിട്ടിയിരുന്ന കളക്ഷനിൽ നിന്നും നാല് ലക്ഷം രൂപയുടെ അധിക വരുമാനമാണ് ഇപ്പോൾ ലഭിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുമെന്ന കളക്ഷൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ആ‌‌ർ.ടി.സി.കെ.യു.ആർ.ടി.സി. കൂടുതൽ സർവീസുകൾ ആരംഭിച്ചതും എറണാകുളം ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ വർദ്ധിപ്പിച്ചതുമാണ് വരുമാനത്തിൽ കുത്തനെയുള്ള വർദ്ധനവുണ്ടാക്കിയത്. പ്രതിദിനം 13 ലക്ഷം രൂപ വരെ എറണാകുളം ഡിപ്പോയിൽ വരുമാനം ലഭിച്ചിരുന്നു. ഈ നേട്ടത്തിലേക്ക് ഡിപ്പോയെ എത്തിക്കാൻ കൂടുതൽ സർവീസുകൾ ഒരുക്കാനുള്ള ആലോചനയിലാണ് അധികൃതർ.

30 താഴെ സർവീസുകളുമായാണ് ലോക്ക്ഡൗണിന് ശേഷം ആദ്യഘട്ടത്തിൽ കെ.എസ്.ആർ.ടി.സി. സർവീസുകൾ പുനരാരംഭിച്ചത്. പിന്നീട് 50 വരെയാക്കി ഉയർത്തി. ഇരുപത് ഫാസ്റ്റ് ബസുകളും 14 സൂപ്പർ ഫാസ്റ്റ് ബസുകളും ബാക്കി ഓർഡിനറി ബസുകളുമാണ് നിലവിൽ ഓടിക്കുന്നത്. 80 വരെ സർവീസുകളാണ് ലോക്ക്ഡൗണിന് മുമ്പ് എറണാകുളം ഡിപ്പോയിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നത്. ഫാസ്റ്റ് പാസഞ്ചറുകൾ രണ്ട് ജില്ലകളിലും, സൂപ്പർ ഫാസ്റ്റുകൾ നാല് ജില്ലകൾ വരെയും ഓടിക്കുന്ന സംവിധാനം നിലനിറുത്തിയാണ് സർവീസുകൾ ക്രമീകരിക്കുക. ജീവനക്കാരുടെ അഭാവം സർവീസുകൾ വർദ്ധിപ്പിക്കുന്നതിൽ വിലങ്ങുതടിയാവുന്നുണ്ട്. ഇത് പരിഹരിക്കാൻ മറ്റു ഡിപ്പോകളിൽ നിന്ന് കണ്ടക്ടർമാരെ എത്തിക്കും. 80 സർവീസുകൾ എറണാകുളത്ത് നിന്ന് നടത്താനാണ് തീരുമാനം. കൂടാതെ എറണാകുളത്ത് നിന്ന് ഓപ്പറേറ്റ് ചെയ്തിരുന്ന ദീർഘദൂര സർവീസുകളായ എറണാകുളം ബാഗ്ലൂർ, എറണാകുളം- കൊല്ലൂർ തുടങ്ങിയ ദീർഘദൂര സർവീസുകളും പുനരാരംഭിച്ചിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ദീർഘദൂര ബസുകൾ സർവീസ് നടത്തുന്നത്.

കൂടുതൽ ആളുകൾ പൊതുഗതാഗത്തെ ആശ്രയിച്ച് തുടങ്ങിയതാണ് വരുമാന വർദ്ധനവിന് കാരണം. വരും ദിവസങ്ങളിൽ കണ്ടക്ടറെ ലഭിക്കുന്ന മുറയ്ക്ക് സർവീസുകളുടെ എണ്ണം ഘട്ടംഘട്ടമായി വർദ്ധിപ്പിക്കും.

വി.എംതാജുദ്ദീൻ

ഡി.ടി.ഒ

എറണാകുളം

80 ശതമാനം സ്വകാര്യബസുകളും
നിരത്തിലിറങ്ങി

യാത്രാക്കാർ വർദ്ധിച്ചതോടെ 80 ശതമാനം ബസുകളും നിരത്തിലിറങ്ങിയിരിക്കുകയാണ്. തിരക്കുള്ള സമയമായ രാവിലെയും വൈകിട്ടുമാണ് സർവീസുകൾ ക്രമീകരിച്ചിട്ടുള്ളത്. വരുമാനത്തിൽ നേരിയ വർദ്ധനവുണ്ടായിട്ടുണ്ട്. ബസിലെ ദൈനംദിന ചെലവുകൾ കഴിഞ്ഞാൽ 700 രൂപ വരെ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാൽ പല ദിവസങ്ങളിലും നല്ല വരുമാനം ലഭിക്കുന്ന ബസുടമകളുമുണ്ട്.