കോലഞ്ചേരി: പുറത്തിറക്കിയിട്ട് അഞ്ച് മാസം. വനം വകുപ്പിന്റെ പാമ്പ് പിടിത്ത ആപ്പിന് മുഖം തിരിച്ച് മലയാളീസ്. ഇതുവരെ ആയിരം പേർ മാത്രമാണ് ആപ്പ് ഉപയോഗിക്കുന്നത്. പാമ്പിനെ പിടികൂടിയാലുള്ള നിയമവശങ്ങളിലെ അജ്ഞതയാണ് ആപ്പിന്റെ സഹായം തേടുന്നതിൽ നിന്നും ആളുകളെ പിന്നോട്ട് വലിക്കുന്നതെന്നാണ് കരുതുന്നത്.
പൊതുജനങ്ങളെ സഹായിയ്ക്കുന്നതിനും പാമ്പു പിടുത്തക്കാരുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനും ആഗസ്റ്റിലാണ് 'സർപ്പ' എന്ന ആപ്പ് വനം വകുപ്പ് പുറത്തിറക്കിയത്.സ്‌നേക് അവേർണസ്, റസ്‌ക്യു ആൻഡ് പ്രൊട്ടക്ഷൻ ആപ്പ് എന്നാണ് സർപ്പയുടെ പൂർണരൂപം. പബ്ലിക്, റെസ്‌ക്യുവർ എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ ആപ്പിലുണ്ട്.പബ്ലിക് എന്ന ഓപ്ഷൻ പൊതു ജനങ്ങൾക്കും, റെസ്‌ക്യൂവർ എന്ന ഓപ്ഷൻ അംഗികൃത പാമ്പ് പിടുത്തക്കാർക്കും ഉള്ളതാണ്. റെസ്‌ക്യൂവർക്ക് ആപ്പിൽ രജിസ്റ്റർ ചെയ്യാതെ അനധികൃതമായി പാമ്പിനെ കൈവശം സൂക്ഷിച്ചാൽ വനം വന്യജീവി സംരക്ഷണ നിയമപ്രകാരം 8 വർഷം തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റവും ചുമത്തി കേസെടുക്കും. വീട്ടിലോ പരിസരത്തോ പാമ്പിനെ കണ്ടാൽ പൊതുജനങ്ങൾക്ക് ഫോട്ടോ എടുത്ത് ആപ്പിൽ അപ് ലോഡ് ചെയ്യാം. 25 കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റസ്‌ക്യൂവർമാർക്കും ഇതോടെ സന്ദേശമെത്തും. ഏറ്റവും അടുത്തുള്ള ആൾ സഹായത്തിനായി ഉടൻ സ്ഥലത്തെത്തുകയും ചെയ്യും. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പെടെ എല്ലാ ഉദ്യോഗസ്ഥരുടെയും നിരീക്ഷണത്തിലാണ് ആപ്പിന്റെ പ്രവർത്തനം.