പറവൂർ : കൊവിഡ് ലോക്ക്ഡൗൺ കാലത്ത് വിദ്യാഭ്യാസ രംഗത്ത് പഠന - പാഠ്യേതര പ്രവർത്തനങ്ങൾ നടത്തിയ പറവൂർ എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു അദ്ധ്യാപകൻ പ്രമോദ് മാല്യങ്കരയ്ക്ക് എറണാകുളം ജില്ലയിലെ മികച്ച ക്രിയേറ്റീവ് ടീച്ചർ അവാർഡ് ലഭിച്ചു. തലശേരി ഗവ: ബ്രണ്ണൻ കോളജ് ഒഫ് ടീച്ചർ എഡ്യൂക്കേഷനാണ് പുരസ്കാരവും സർട്ടിഫിക്കറ്റും നൽകിയത്. കൊവിഡ് കാലത്ത് വിദ്യാഭ്യാസ രംഗത്ത് ധാരാളം പ്രവർത്തനങ്ങൾക്ക് ഈ അദ്ധ്യാപകൻ നേതൃത്വം നൽകിയിരുന്നു. സാമ്പത്തിക ശാസ്ത്രത്തിലെ ബജറ്റ് എന്ന പാഠ ഭാഗം പാട്ട് രൂപത്തിൽ തയ്യാറാക്കിയ വീഡിയോ വിദ്യാർത്ഥികൾക്കിടയിലും സോഷ്യൽ മീഡിയകളിലും ശ്രദ്ധേയമായി. ബ്ളോക്ക് റിസോഴ്സ് സെന്റർ സംഘടിപ്പിച്ച ശാസ്ത്രപഥം പോലുള്ള വെബിനാറുകളിൽ പങ്കാളിയായി. സ്കൂളിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വേണ്ടി വെബിനാറുകൾ സംഘടിപ്പിച്ചു. ദേശീയ അന്താരാഷ്ട്ര വെബിനാറുകളിൽ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് അവബോധം നൽകുന്ന പുസ്തകം തയ്യാറാക്കിയിരുന്നു.