കോതമംഗലം: ഇടമലയാർ ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചർ പി.ജെ. മാത്യുവിനെ കാട്ടുപോത്ത് ആക്രമിച്ച് പരിക്കേൽപ്പിച്ചു. വാച്ചറെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് അടിയന്തര ശസ്ത്രക്രിയക്കായി രാജഗിരി ആശുപത്രിയിലും എത്തിച്ചു.ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് സംഭവം.

ഇടമലയാർ സ്റ്റേഷൻ പരിധിയിലെ മൈലാടുംപാറയിലെ ഉൾവനത്തിൽ പരിശോധനയ്ക്കിടെ ഈറ്റക്കാട്ടിൽ നിന്നും കാട്ടുപോത്ത് അപ്രതീക്ഷിതമായി ചാടിയെത്തി മാത്യുവിനെ കൊമ്പുകൊണ്ട് വെട്ടുകയായിരുന്നു. തുണ്ടം റെയ്ഞ്ച് ഓഫീസർ മുഹമ്മദ് റാഫി, ഭൂതത്താൻകെട്ട് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ജയൻ.ജെ, ഫോറസ്റ്റർ ദിൽഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള ഭൂതത്താൻകെട്ട് ഇടമലയാാർ സ്റ്റേഷനുകളുടെ സംയുക്ത പരിശോധനാസംഘം പട്രോളിംഗിനായി പുറപ്പെട്ടപ്പോൾ വാച്ചറായ മാത്യുവാണ് മുന്നിൽ നടന്നത്. ആക്രമണശേഷം കാട്ടുപോത്ത് വനത്തിനുള്ളിലേക്ക് ഓടിമറഞ്ഞു. കൂടെ ഉണ്ടായിരുന്നവർ വിവരം അറിച്ചതനുസരിച്ച് എണ്ണക്കൽ സ്റ്റേഷനിൽ നിന്നും ഇടമലയാർ പുഴയിലൂടെ ബോട്ട് എത്തിച്ച് മാത്യുവിനെെ കയറ്റി ഇടമലയാർ ഡാമിൽ എത്തി അവിടെ നിന്നും ജീപ്പിൽ കോതമംഗലത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.