കോലഞ്ചേരി: തീയറ്ററുകളിൽ സിനിമ കാണാൻ ഇനിയും കാത്തിരിക്കണം. പത്തു മാസം അടഞ്ഞുകിടന്ന തീയറ്ററുകൾ പഴയ പടിയാക്കിയെടുക്കാൻ ഒട്ടേറെ കടമ്പകളുണ്ട്. പുതിയ സിനിമകളില്ല. പഴയ സിനിമകളുമായി തിയേറ്റർ തുറന്നിട്ടുകാര്യമില്ല.
ഇന്ത്യയൊട്ടാകെ റിലീസുള്ള വിജയുടെ തമിഴ് സിനിമ മാസ്റ്റർ റിലീസാകുന്ന 13ന് തിയറ്ററുകൾ തുറക്കാനാകുമെന്നാണ് പ്രതീക്ഷ.
85 ചിത്രങ്ങൾ ഇനിയും വെളിച്ചം കാണാതിരിക്കുന്നുണ്ട്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ ചില സിനിമകളുടെ റിലീസ് നടന്നിരുന്നു. എന്നിരുന്നാലും തിയേറ്ററുകളിൽ സിനിമ കണ്ടുശീലിച്ചവർക്ക് അതൊഴിവാക്കാൻ കഴിയാത്ത സ്ഥിതിയാണ്.
പ്രതിസന്ധികൾ നിരവധി
• മാർച്ച് 13ന് ശേഷം പ്രദർശനം നടത്താത്തുമൂലം ലക്ഷങ്ങൾ വിലമതിക്കുന്ന സംവിധാനങ്ങൾക്കെല്ലാം അറ്റകുറ്റപ്പണികൾ വേണ്ടിവരും.
• വൈദ്യുതിചാർജ്, മെയിന്റനൻസ് ചാർജ്, വേതനം, അഞ്ചിലേറെ നികുതികൾ എന്നിങ്ങനെ ലക്ഷങ്ങളുടെ ചെലവുകളാണുള്ളത്.
• പൂട്ടിക്കിടന്നപ്പോഴും പരിപാലനം മുടക്കിയിരുന്നില്ല. അതിന് തന്നെ വലിയൊരു തുക ചെലവായിട്ടുണ്ട്. മൂന്ന് നാല് ദിവസ ഇടവേളകളിൽ പ്രൊജക്ടർ, സൗണ്ട് സിസ്റ്റം, എ.സി., ജനറേറ്റർ തുടങ്ങിയവ രണ്ടുമണിക്കൂർ വരെ പ്രവർത്തിപ്പിച്ചിരുന്നു.
• കുറഞ്ഞത് 14 പേരോളം ഒരു തിയേറ്ററിൽ തൊഴിലാളികളുണ്ട്. ഇവർക്ക് അടഞ്ഞു കിടന്നപ്പോഴും ശമ്പളം നൽകേണ്ടി വന്നു.
• ഹൈ ടെൻഷൻ വിഭാഗത്തിൽപ്പെട്ട തിയേറ്റുകൾക്കു മാസം 70,000 80,000 രൂപയാണു വൈദ്യുതിച്ചാർജ്. ലോ ടെൻഷൻ വിഭാഗത്തിൽപ്പെട്ടവർക്ക് 16,000, 25,000 രൂപയും.
• തുറന്നാലും 50 ശതമാനം സീറ്റിംഗ് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. നിരക്ക് പുതുക്കുൽ അനിവാര്യമാണ്.
• ലൈസൻസ് കാലാവധി അവസാനിച്ചതിനാൽ പഴയ ലൈസൻസ് ആറു മാസം കൂടി കാലാവധി ദീർഘിപ്പിക്കാനായി സർക്കാരിന് നിവേദനം നല്കിയിട്ടുണ്ട്.
പത്ത് മാസം അടച്ചിട്ടപ്പോഴുണ്ടായ നഷ്ടം ലക്ഷങ്ങളുടേതാണ്. ഇളവുകൾ വേണം. സർക്കാർ അനുകൂല തീരുമാനമുണ്ടാകുന്ന മുറയ്ക്ക് മാത്രമെ തീയറ്റർ തുറക്കുകയുള്ളൂ
എം.സി ബോബി, സംസ്ഥാന ജനറൽ സെക്രട്ടറി, ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ.