poyali
പോയാലിമല ടൂറിസ്റ്റ് കേന്ദ്രത്തിൽഅവധി ദിനത്തിൽ എത്തിയ സഞ്ചാരികൾ....

മൂവാറ്റുപുഴ: പോയാലി മലയിൽ നീണ്ട ഇടവേളയ്ക്കുശേഷം വിനോദസഞ്ചാരികളുടെ തിരക്കേറുന്നു. നൂറ് കണക്കിനാളുകളാണ് വിവിധ പ്രദേശങ്ങളിൽ നിന്നും ദിവസേന എത്തുന്നത്. മലമുകളിലേക്ക് സ്ത്രീകൾക്കും കുട്ടികൾക്കും എളുപ്പത്തിൽ കയറാൻ പറ്റുന്നതാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് പോയാലി ടൂറിസത്തിന്റെ അനന്തസാദ്ധ്യതകൾ മനസിലാക്കി നാട്ടുകാരുടെ നേതൃത്വത്തിൽ പോയാലിടൂറിസം സംരക്ഷണ സമിതി രൂപീകരിച്ചിരുന്നു. സമിതിയുടെ നേതൃത്വത്തിൽ മലയ്ക്ക് മുകളിൽ യോഗം ചേരുകയും പോയാലിമല ടൂറിസം പ്രൊജക്ട് നടപ്പിലാക്കുന്നതിന് സർക്കാരിനോട് ആവശ്യപ്പെടുവാനും തീരുമാനിച്ചിരുന്നു.

# ആവശ്യമുയർന്നിട്ട് രണ്ട് പതിറ്റാണ്ട്

പോയാലിമല വിനോദ സഞ്ചാരകേന്ദ്രമാക്കണമെന്ന ആവശ്യം രണ്ടു പതിറ്റാണ്ട് മുമ്പ് ഉയർന്നതാണ്. എന്നാൽ ഇത്രതന്നെ പ്രധാന്യമില്ലാത്ത പല സ്ഥലങ്ങളും വിനോദസഞ്ചാര കേന്ദ്രമായി മാറിയിട്ടും പായിപ്ര പഞ്ചായത്തിലെ പോയാലി ടൂറിസ്റ്റ് കേന്ദമാക്കുവാൻ ടൂറിസം വകുപ്പ് തയ്യാറായില്ല. കിലോമീറ്റർ നീണ്ടു കിടക്കുന്ന മലമുകളിൽ ഒരിക്കലും വെള്ളം വറ്റാത്ത കിണറാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. മലമുകളിലെത്തുന്നതിനു വേണ്ട സൗകര്യങ്ങൾ പരിമിതമാണ്.

# നഗരത്തിൽ നിന്ന് ഒമ്പതുകിലോമീറ്റർ മാത്രം

നഗരത്തിൽ നിന്നും ഒമ്പത് കിലോമീറ്റർ മാത്രം അകലത്തിൽ സ്ഥിതിചെയ്യുന്ന പായിപ്ര പഞ്ചായത്തിലെ 2, 3,വാർഡുകളിലൂടെ കടന്നുപോകുന്ന പോയാലി സമുദ്രനിരപ്പിൽനിന്നും അഞ്ഞൂറടിയോളം ഉയരത്തിൽ സ്ഥിതിചെയ്യുന്നു. പാറക്കെട്ടുകളും മൊട്ടക്കുന്നുകളും നിറഞ്ഞ് അനുഗ്രഹീതമാണ്. നൂറേക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന മലയിൽ ഏതുസമയവും വീശിയടിക്കുന്ന ഇളംകാറ്റും കൂട്ടിനുണ്ട്.

# വഴികൾ പലതും കൈയേറി

നേരത്തെ മലയിലേക്കെത്താൻ നിരവധി വഴികളുണ്ടായിരുന്നങ്കിലും ഇപ്പോഴിതെല്ലാം പലരും കൈയേറിക്കഴിഞ്ഞു. മലയുടെ താഴ്ഭാഗം മുഴുവൻ സ്വകാര്യവ്യക്തികളുടെ കൈവശവുമായി. നിലവിൽ നിരപ്പ് ഒഴുപാറയിൽ നിന്നാരംഭിക്കുന്ന ചെറിയൊരു വഴിമാത്രമാണ് മലമുകളിലേക്ക് കയറാനുള്ളത്. മലയുടെ മറുഭാഗത്തെ മനോഹരമായ കാഴ്ചയായിരുന്ന വെള്ളച്ചാട്ടം കരിങ്കൽ ഖനനം മൂലം അപ്രത്യക്ഷമായി. മുളവൂർതോടിന്റെ കൈവഴിയായി ഒഴുകിയെത്തിയിരുന്ന കൽചിറ തോട്ടിലെ നീന്തൽ പരിശീലനകേന്ദ്രവും കാണാനില്ല.

മുൻ എം.എൽ.എ ബാബുപോൾ തയ്യാറാക്കിയ പോയാലി ടൂറിസം പ്രൊജക്ട് അന്ന് ടൂറിസം മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന് നൽകിയിരുന്നു. സംസ്ഥാന ബഡ്ജറ്റിലും പായിപ്ര പഞ്ചായത്തിന്റെ ബഡ്ജറ്റിലും പോയാലി ടൂറിസം പദ്ധതിക്ക് ഫണ്ട് വകയിരുത്തിയെങ്കിലും ഒന്നും നടപ്പിലാക്കിയില്ല.

# നടപ്പാക്കേണ്ട ആവശ്യങ്ങൾ

മലയിൽ എളുപ്പത്തിൽ എത്താവുന്ന രൂപത്തിൽ റോഡുണ്ടാക്കുക, റോപ്പ് വേ സ്ഥാപിക്കുക,

വൂ പോയിന്റുകളിൽ സൗകര്യങ്ങൾ ഒരുക്കുക, വിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കുക, മലമുകളിലെ അത്ഭുതക്കിണറും കാൽപാദവും വെള്ളച്ചാട്ടവും കൽചിറകളും സംരക്ഷിക്കുക, ഉദ്യാനങ്ങളും ശലഭോദ്യാന പാർക്കും നിർമ്മിക്കുക.