പള്ളുരുത്തി: മഹാമാരിയിൽ മുങ്ങി പുലവാണിഭമേളയും ഉപേക്ഷിച്ചു. ഇക്കുറി മേളയില്ലെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് നോട്ടീസ് പുറത്തിറക്കി. സർക്കാർ നി‌ർദേശം പാലിക്കുന്നതിന്റെ ഭാഗമായാണ് മേള ഒഴിവാക്കിയതെന്ന് നോട്ടീസിൽ പറയുന്നു. നൂറ്റാണ്ടുകളായി മുടക്കം കൂടാതെ നടന്നു പോരുന്ന ആചാരമായിരുന്നു മേള.സംഘാടകരോ, മറ്റ് ഭാരവാഹികളോ ഇല്ലാതെ ധനുമാസത്തിലെ അവസാനത്തെ വ്യാഴാഴ്ചയാണ് അഴകിയകാവ് ക്ഷേത്രപരിസരത്ത് ആളുകൾ കച്ചവടം നടത്തിയിരുന്നത്. പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർ വർഷത്തിൽ ഒരു ദിവസം അഴകിയകാവിലമ്മയെ തൊഴാൻ കൊച്ചി മഹാരാജാവ് അനുമതി നൽകിയതിന്റെ ഓർമ്മ പുതുക്കലാണ് പിന്നീട് പുലവാണിഭമേളയായി മാറിയത്. പലരും ഈ സമയത്താണ് വീട്ടിലേക്കുള്ള അത്യാവശ്യ സാധനങ്ങൾ വാങ്ങിയിരുന്നത്. രാത്രിയെ പകലാക്കി കഴിഞ്ഞ കാലങ്ങളിൽ നടന്നിരുന്ന മേളയിൽ ലക്ഷങ്ങളുടെ വില്പനയായിരുന്നു നടന്നിരുന്നത്.കാർഷിക ഉത്പന്നങ്ങളും പായ, കയർ, കുട്ട, വട്ടി, ആട്ട് കല്ല്, ഉരകല്ല്, മുറം, മെത്ത പായ, മൺകലങ്ങൾ, വിത്തിനങ്ങൾ, വാഴ കണ്ണ്, കരിമ്പ്, ഉണക്ക സ്രാവ് എന്നിവയെല്ലാം ഇവിടെ വില്പനയ്ക്ക് എത്തിച്ചിരുന്നു.