cocoa

കോലഞ്ചേരി: കൊക്കോ വില ഇടിവ് കർഷകരെ പ്രതിസന്ധിയിലാക്കി. കൊവിഡ് വ്യാപനമാണ് വിലയിടിയാൻ കാരണം. ഓരോ മേഖലയിലെ കാലാവസ്ഥ വ്യതിയാനവും വില കുറയാൻ കാരണമായി. വില കുറഞ്ഞാലും നല്ല വിളവുണ്ടായിരുന്നെങ്കിൽ താത്കാലിക ആശ്വാസമാകുമെന്നാണ് കർഷകർ പറയുന്നത്. ഉണങ്ങിയ പരിപ്പിന് കിലോയ്ക്ക് ഇരുന്നൂറു രൂപ വരെ കിട്ടിയിരുന്ന സ്ഥലത്ത് ഇപ്പോൾ നൂ​റ്റിമുപ്പതിൽ താഴെ മാത്രമാണ് വിപണിയിൽ വില കിട്ടുന്നത്. പച്ചകായയ്ക്ക് അറുപതിൽനിന്ന് മുപ്പത്തിയഞ്ചായി കുറഞ്ഞു. റബറിന് വില കുറഞ്ഞ കാലത്താണ് പ്രദേശത്ത് കൊക്കോ കൃഷി വ്യാപകമായത്. റബർ കൃഷിയും കുരുമുളക് കൃഷിയും നഷ്ടത്തിലായി നട്ടംതിരിഞ്ഞ കാലത്ത് കൊക്കോയിൽ നിന്നുള്ള വരുമാനമാണ് കർഷകരെ നിലനിർത്തിയത്. റബറിൽനിന്നുള്ള വരുമാനം കുറയുന്ന മഴക്കാലങ്ങളിൽ കൊക്കോ കർഷകർക്ക് ആശ്രയമായിരുന്നു. എന്നാൽ ഇപ്പോൾ റബർ വില മെച്ചപ്പെട്ടപ്പോൾ കൊക്കോ വില താഴേക്കെത്തി. പൊതു മേഖല സ്ഥാപനമായ കാംകോയും കാഡ്ബെറീസുമാണ് കൊക്കോ പ്രധാനമായും വാങ്ങിയിരുന്നത്. കൊവിഡിലെ വില്പന മാന്ദ്യത്തോടെ ഇവർ പെട്ടെന്ന് വിപണിയിൽ നിന്ന് പിൻവാങ്ങി. അപ്പോഴും ഇടത്തരം വ്യാപാരികൾ കൊക്കോ പരിപ്പ് വാങ്ങൽ തുടർന്നെങ്കിലും വിപണിയിൽ എടുക്കാൻ ആളില്ലെന്ന കാര്യം പറഞ്ഞ് വില പെട്ടെന്ന് കുറയ്ക്കുകയായിരുന്നുവെന്നാണ് കർഷകർ പറയുന്നത്. പ്രധാന വ്യാപാരികൾ കച്ചവടത്തിൽ നിന്ന് പിന്തിരിയുകയും ചെറുകിട വ്യാപാരികൾ പരിപ്പ് എടുക്കുകയും ചെയ്യുന്നതിൽ വൻ ഒത്തു കളിയാണെന്നാണ് കർഷകരുടെ പക്ഷം.

ചെടികൾക്ക് രോഗബാധ

ചെടികൾക്കുണ്ടാകുന്ന രോഗബാധയും ഇപ്പോൾ കൊക്കോയുടെ ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്. കുമിൾരോഗം വ്യാപകമായതോടെ കായകൾ കറുത്ത് ചീഞ്ഞുപോവുകയാണ് ചെയ്യുന്നത്. ചെടികൾ ഉണങ്ങുന്നതിനൊപ്പം കായകൾ ചീഞ്ഞുപോകുന്നതും കൊക്കോ കർഷകരെ വലയ്ക്കുന്നു. കുമിൾരോഗത്തിന് ബോർഡോ മിശ്രിതമാണ് പരിഹാരമായി കൃഷി വകുപ്പ് നിർദേശിക്കുന്നത്. ഇത് ഫലപ്രദമല്ലെന്നാണ് കർഷകർ പറയുന്നത്. മരങ്ങൾ പൂവിടുന്ന സമയത്താണ് രോഗബാധ കൂടുന്നത്.

പ്രതിരോധ മരുന്നിന് വില കൂടുതൽ

കൊക്കോമരങ്ങൾക്ക് മെച്ചപ്പെട്ട പരിചരണം ലഭിച്ചാൽ മാത്രമെ മഴക്കാലത്ത് കായ്കൾ അധികമായി ചീഞ്ഞുപോകാതെ നല്ല വിളവ് കിട്ടൂ. രോഗം പ്രതിരോധിക്കാൻ വലിയ വില കൊടുത്ത് മരുന്നുകൾ വാങ്ങേണ്ട സാഹചര്യം കൂടുതൽ ബാദ്ധ്യത വരുത്തിവെയ്ക്കുമെന്നും കർഷകർ പറയുന്നു. വിലക്കുറവിന്റെ കാലത്ത് മരുന്നിനു കൂടി പണം മുടക്കാൻ കർഷകർ തയ്യാറാകുന്നില്ല.