കൊച്ചി: ജില്ലാ ലൈബ്രറി കൗൺസിൽ വികസനസമിതി സംഘടിപ്പിക്കുന്ന പുസ്തകോത്സവം കളമശേരി കുസാറ്റ് ഓപ്പൺ ഓഡിറ്റോറിയത്തിൽ നാളെ മുതൽ 9 വരെ നടക്കും.
രാവിലെ 10ന് കൊച്ചിൻ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. കെ,എൻ. മധുസുദനൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. സോമൻ അദ്ധ്യക്ഷത വഹിക്കും. സംഗീത നാടക അക്കാദമി അവാർഡ് ജേതാവും ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗവുമായ ജോൺ ഫെർണാണ്ടസ് എം.എൽ. എയ്ക്ക് ചടങ്ങിൽ സ്വീകരണം നൽകും. നാടകകൃത്ത് ടി.എം. എബ്രഹാം അനുമോദന പ്രഭാഷണം നടത്തും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ലൈബ്രറി കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് ഷെറീന ബഷീർ, എക്‌സിക്യൂട്ടീവ് അംഗം എ.കെ. മുരളീധരൻ എന്നിവരെ സേവ്യർ പുൽപ്പാട്ട് അനുമോദിക്കും. പുസ്തകോത്സവത്തിന്റെ ആദ്യവിൽപ്പന കവി എസ്. രമേശൻ നിർവഹിക്കും. കൊച്ചിൻ യൂണിവേഴ്‌സിറ്റി രജിസ്ട്രാർ വി.മീര, സ്റ്റുഡന്റ് വെൽഫെയർ ഡയറക്ടർ ഡോ. പി.കെ. ബേബി തുടങ്ങിയവർ സംബന്ധിക്കും. 7 ന് രാവിലെ 10.30ന് സുഗതകുമാരിക്ക് കാവ്യാർച്ചന നടത്തും. കവയിത്രി രവിത ഹരിദാസ് നേതൃത്വം നൽകും. സമാപനദിവസമായ 9ന് സംസ്ഥാനതലത്തിൽ രൂപീകരിക്കുന്ന അക്ഷര സൈന്യത്തിന്റെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന ലൈബ്രറികൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ നിർവഹിക്കും. ജില്ലയിലെ യുവത പ്രവർത്തകർ പങ്കെടുക്കും. തുടർന്ന് വായനയുടെ സാമൂഹികത എന്ന വിഷയത്തിൽ ഡോ. സുനിൽ പി. ഇളയിടം പ്രഭാഷണം നടത്തും. കണയന്നൂർ താലൂക്ക് സെക്രട്ടറി ഡി.ആർ. രാജേഷ്, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം മുസ്തഫ കമാൽ എന്നിവർ സംസാരിക്കും.
വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ പി.കെ. സോമൻ, ജനറൽ കൺവീനർ എം.ആർ. സുരേന്ദ്രൻ, വൈസ് ചെയർമാൻ കെ.പി. രാമചന്ദ്രൻ, കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി. ആർ. രാജേഷ് , ജില്ലാ ഓഫീസർ ഷൈലജ എന്നിവർ പങ്കെടുത്തു.