കൊച്ചി: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി സ്കൂളുകൾ ഉൾപ്പെടെ തുറന്നതോടെ ക്ഷേത്രോത്സവങ്ങൾ കൂടുതൽ വിപുലമായി നടത്താൻ ഭാരവാഹികൾ ശ്രമം ആരംഭിച്ചു. ഇതിന്റെ ഭാഗമായി കേരള ഫെസ്റ്റിവെൽ കോ-ഓർഡിനേഷൻ കമ്മിറ്റി ജില്ലാ കളക്ടർ ചെയർമാനായ മോണിറ്ററിംഗ് കമ്മിറ്റിയെ സമീപിക്കും. പഴയ പ്രൗഡിയിൽ ഉത്സവങ്ങൾ നടത്താനാകില്ലെങ്കിലും കൂടുതൽ ഇളവുകൾക്ക് ക്ഷേത്രസമിതികളും ഭക്തരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.കഴിഞ്ഞ നവംബർ17 ന് ചേർന്ന മോണിറ്ററിംഗ് കമ്മിറ്റി യോഗം ക്ഷേത്രങ്ങളിൽ ചടങ്ങുകൾക്ക് ഒരു ആനയെ ഉപയോഗിക്കാനാണ് അനുവാദം നൽകിയത്. സീസൺ തുടങ്ങിയതോടെ ജില്ലയിലെ 600 ക്ഷേത്രങ്ങളിൽ ഉത്സവ ചടങ്ങുകൾ മുടക്കം കൂടാതെ നടത്താനുള്ള ക്രമീകരണമാണ് നടത്തുന്നത്. തന്ത്രി സമാജം, വാദ്യകലാകാരന്മാരുടെ സംഘടനകൾ, കേരള എലിഫെന്റ് ഓണേഴ്സ് ഫെഡറേഷൻ തുടങ്ങിയ സംഘടനകളുമായി ചർച്ച നടത്തി മുന്നോട്ട് പോകാനാണ് കേരള ഫെസ്റ്റിവെൽ കോ-ഓർഡിനേഷൻ കമ്മിറ്റി ശ്രമിക്കുന്നത്.
ധനു, മകര മാസങ്ങളിൽ നിരവധി ക്ഷേത്രങ്ങളിൽ ഉത്സവം നടക്കുന്നുണ്ട്. നിയന്ത്രണങ്ങളെ തുടർന്ന് ക്ഷേത്രചടങ്ങുകൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ഭക്തരെത്തുന്നതും കുറഞ്ഞു. വർഷത്തിൽ പത്തു ദിവസം മാത്രം നട തുറക്കുന്ന കാലടി തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തവർക്ക് മാത്രമാണ് ദർശനം ലഭിക്കുന്നത്. മുൻവർഷങ്ങളിൽ ലക്ഷക്കണക്കിന് പേരാണ് പ്രതിദിന ദർശനം നടത്തിയിരുന്നത്
അനുവദിച്ച ഇളവുകൾ
ഏറണാകുളത്തപ്പൻ ക്ഷേത്ര ഉത്സവ എഴുന്നള്ളത്തിന് മൂന്ന് ആനകളെ അനുവദിച്ചു. വാദ്യകലാകാരന്മാർക്കും ക്ഷേത്കലകളായ ചക്യാർകൂത്ത്, ഓട്ടൻതുള്ളൽ, കഥകളി, സംഗീത കച്ചേരി എന്നീ പരിപാടികൾ അവതരിപ്പിക്കാനും നിയന്ത്രണങ്ങളോടെ അനുവാദം നൽകി.
മോണിറ്ററിംഗ് കമ്മിറ്റിയെ സമീപിക്കുന്നത്
* പ്രധാനപ്പെട്ട ഉത്സവങ്ങൾ നടക്കുന്ന അഞ്ചിലേറെ ആനകൾ എഴുന്നള്ളത്തിന് ഉണ്ടാകാറുള്ള ജില്ലയിലെ ഇരുപതോളം ക്ഷേത്രങ്ങളിൽ മൂന്ന് ആനകളെ ഉപയോഗിക്കാൻ അനുമതി വേണം.
* രണ്ട് തിടമ്പ് എഴുന്നള്ളിക്കുന്ന ക്ഷേത്രങ്ങളിലും മൂന്ന് ആനകൾ വേണം.
* ചില ക്ഷേത്രങ്ങളുടെ ഉത്സവത്തിന്റെ ഭാഗമായി തൊട്ടടുത്ത ക്ഷേത്രങ്ങളിൽ ദേവനെ ഇറക്കി പൂജയുണ്ടാകും. ഈസ്ഥലങ്ങളിൽ മതിൽ കെട്ടിന് പുറത്ത് ആനയെ എഴുന്നള്ളിക്കാനുള്ള അനുവാദം വേണം.