dance
കൃഷ്ണ കൃപ നൃത്ത വേദിയിൽ

കാലടി: യുവജനോത്സവ പ്രതിഭകളെ നൃത്തരംഗത്തേക്ക് ആകർഷിക്കുന്നതിനു 'ഏക 2021' എന്ന പദ്ധതിക്കു ശ്രീശങ്കരാ സ്കൂൾ ഒഫ് ഡാൻസ് തുടക്കംകുറിച്ചു. പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്ന ഹ്രസ്വ സ്കീമാണിത്. സാമൂഹിക പരിഷ്കരണ ദർശനങ്ങൾ, സാമൂഹിക,വിദ്യാഭ്യാസ, പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നിവ അടിസ്ഥാനമാക്കി ഹ്രസ്വ നൃത്തപരിപാടികൾ സ്വന്തമായി ചിട്ടപ്പെടുത്തുവാൻ കഴിയുന്ന രീതിയിലുള്ള ആശയങ്ങളും കവിതകളും യുവജനോത്സവ പ്രതിഭകൾക്ക് നൽകും.

ശ്രീനാരായണ ഗുരുദേവൻ, ചട്ടമ്പി സ്വാമി, അയ്യങ്കാളി, സ്വാമി വിവേകാനന്ദൻ, ഡോ. അംബേദ്കർ, മന്നത്തു പത്മനാഭൻ, ആഗമാനന്ദസ്വാമി തുടങ്ങിയ ആത്‍മീയ ഗുരുക്കന്മാരുടെയും സാമൂഹിക പരിഷ്കർത്താക്കളുടെയും ദേശീയ നേതാക്കളുടെയും ജീവിതദർശനങ്ങൾ നൃത്തവത്കരിക്കാൻ കഴിയുന്ന ആശയങ്ങളാണ് നൽകുക.

ശ്രീശങ്കര സ്കൂൾ ഒഫ് ഡാൻസ് പ്രൊമോട്ടർ പ്രൊഫ. പി.വി. പീതാംബരൻ രചിച്ച മന്നത്ത് ആചാര്യൻ എന്ന കവിത നൃത്തവത്കരിച്ചു കൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. രാഷ്‌ട്രപതിയായിരുന്ന ഡോ. രാജേന്ദ്രപ്രസാദിൽ നിന്ന് ഭാരതി കേസരി പുരസ്കാരം സ്വീകരിക്കുന്നത് നൃത്തവത്കരിച്ചുകൊണ്ട് തുടങ്ങുന്ന നൃത്താവിഷ്കാരത്തിൽ വൈക്കം, ഗുരുവായൂർ സത്യഗ്രഹങ്ങളിൽ ആചാര്യന്റെ സംഭാവന വിവരിക്കുന്നു. പിടിയരി തുടങ്ങിയ ഉത്പന്ന പിരിവുകളിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുകയും ക്ഷേമ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത മന്നത്താചാര്യന്റെ വിശേഷണങ്ങളും ഭവന സന്ദർശന വേളകളിൽ ഉപയോഗിക്കുന്നതിനു പന്തളം കെ.പി. രാമൻപിള്ള രചിച്ച പ്രാർത്ഥനാ ഗീതവും നൃത്തവത്കരിക്കുന്നു. സ്വന്തം പേരിൽനിന്ന് ജാതിപ്പേര് നീക്കം ചെയ്തു ഭാരതത്തിന് മാതൃകയാകുകയും ഭാരതത്തെ ഒന്നായിക്കണ്ട സാമൂഹിക പരിഷ്കർത്താവാണ് മന്നത്തു ആചാര്യനെന്നും നൃത്തത്തിൽ വിവരിക്കുന്നു. മലപ്പുറം ജില്ലയിൽ നിന്നുള്ള യുവജനത്സവ പ്രതിഭ സി. കെ. കൃഷ്ണകൃപയാണ് ഈ സ്കീം പ്രകാരം മന്നത്ത് ആചാര്യനെക്കുറിച്ചുള്ള നൃത്താവിഷ്കാരം ചിട്ടപ്പെടുത്തി അവതരിപ്പിക്കുന്ന യുവജനോത്സവ പ്രതിഭ. ബൈജുകൃഷ്ണ മങ്കട ( നൃത്ത സംവിധാനം), ബാബുരാജ് പെരുമ്പാവൂർ ( സംഗീത സംവിധാനം, വയലിൻ ) ജയൻ പെരുമ്പാവൂർ ( വായ്പ്പാട്ട് ), കിരൺ.എൻ. കരുൺ( തബല ), വിനീഷ് മലപ്പുറം ( ചമയം )എന്നിവർ പിന്നണിയിൽ പ്രവർത്തിക്കുന്നു.