തൃക്കാക്കര : ഡയാലിസിസ് രോഗികൾക്ക് കൈത്താങ്ങാവുകയാണ് തൃക്കാക്കര നഗരസഭ. കാക്കനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ബ്ലോക്കിൽ 1.25 കോടി രൂപ ചിലവഴിച്ച് പുതിയ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കാൻ നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രഥമ കൗൺസിൽ യോഗ ഐക്യകണ്ഠേന തീരുമാനിച്ചു. പി.ടി.തോമസ് എം.എൽ.എ.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിക്കുന്നത്.
രോഗികളുടെ സുരക്ഷയ്ക്ക് ഡയാലിസിസ് കേന്ദ്രത്തോടൊപ്പം കാർഡിയോളജി വിഭാഗം ആരംഭിക്കണമെന്ന്
എൽ.ഡി.എഫ് കൗൺസിലർമാരായ ചന്ദ്രബാബുവും ജിജോ ചിങ്ങംതറയും ആവശ്യപ്പെട്ടു. നിർധന രോഗികൾക്ക് ഡയാലിസിസ് സൗജന്യമാക്കണമെന്ന് ഷാജി വാഴക്കാല ആവശ്യപ്പെട്ടു.
തൃക്കാക്കരയിൽ കുടിവെളള പ്രശനം നേരിടുന്ന പ്രദേശങ്ങളിൽ എം.ജെ ഡിക്‌സൺ, റാഷിദ് ഉള്ളമ്പിള്ളി, നൗഷാദ് പല്ലച്ചി തുടങ്ങിയവർ സംസാരിച്ചു.
വഴിവിളക്കുകൾ കത്തുന്നില്ല
തൃക്കാക്കര നഗരസഭയിലെ ഒരു വാർഡിലും വഴിവിളക്കുകൾ കത്തുന്നില്ലെന്ന് കൗൺസിലർമാർ ഒന്നടങ്കം സഭയിൽ പറഞ്ഞു. കരാറുകാരനെ വിളിച്ചാൽ ഫോൺ എടുക്കാത്ത അവസ്ഥയാണുള്ളതെന്നും അവർ ചൂണ്ടിക്കാട്ടി