കൊച്ചി:രാഷ്ട്രീയ വിവാദം സൃഷ്ടിച്ച പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ രണ്ടാം പ്രതി ത്വാഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഒന്നാം പ്രതി അലൻ താഹയ്‌ക്ക് ജാമ്യം അനുവദിച്ചതിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, വിചാരണ ഒരു വർഷത്തിനകം പൂർത്തിയാക്കാൻ നിർദ്ദേശിച്ചു.
ത്വാഹ എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതിയിൽ കീഴടങ്ങണമെന്നും അല്ലാത്തപക്ഷം കസ്റ്റഡിയിലെടുക്കണമെന്നും വിധിയിൽ പറയുന്നു.
അലനും ത്വാഹയ്ക്കും എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി നൽകിയ ഹർജിയിലാണ് വിധി.
2019 നവംബർ ഒന്നിനാണ് ഇവരെ കോഴിക്കോട് പന്തീരാങ്കാവിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്ന് മാവോയിസ്റ്റ് സംഘടനയുടെ ലഘുലേഖകൾ ഉൾപ്പെടെ പിടിച്ചെടുത്തതോടെ യു.എ.പി.എ ചുമത്തി അന്വേഷണം എൻ.ഐ.എയ്ക്ക് കൈമാറിയിരുന്നു. മുഖ്യപ്രതി ഉസ്‌മാനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇൗ ഘട്ടത്തിലാണ് വിചാരണക്കോടതി ഇരുപ്രതികൾക്കും ജാമ്യം അനുവദിച്ചിരുന്നത്.
കേസിലെ വസ്തുതകളും രേഖകളും വിലയിരുത്തുന്നതിൽ വിചാരണക്കോടതി ജഡ്‌ജിക്ക് വീഴ്ച പറ്റിയെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ത്വാഹയുടെ ജാമ്യം റദ്ദാക്കിയത്.
മാവോയിസ്റ്റ് സംഘടനയുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന് സാക്ഷിമൊഴികളിൽ നിന്നും ഇവരിൽ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക്ക് ഉപകരണങ്ങളിൽ നിന്നും വ്യക്തമാണ്.
അലന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത രേഖകളും മറ്റും താരതമ്യേന ഗുരുതരമല്ലെന്നും അറസ്റ്റിലാകുമ്പോൾ ഇയാളുടെ പ്രായം 20 വയസ് മാത്രമായിരുന്നെന്നും വിലയിരുത്തിയാണ് ജാമ്യത്തിൽ ഇടപെടാതിരുന്നത്. മാത്രമല്ല, അലൻ മാനസിക രോഗത്തിന് ചികിത്സയിലാണെന്നതും ഡിവിഷൻ ബെഞ്ച് കണക്കിലെടുത്തു.