modi

കൊച്ചി: കേരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി - മംഗലാപുരം ഗെയിൽ പൈപ്പ്ലൈൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. രാവിലെ 11 ന് ഓൺലൈനിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക മുഖ്യമന്ത്രി ബി.എസ്. യദിയൂരപ്പ എന്നിവർ പ്രസംഗിക്കും.

ഓൺലൈൻ ചടങ്ങിൽ പ്രധാനമന്ത്രി ഡൽഹിയിൽ നിന്നും മുഖ്യമന്ത്രിയും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തിരുവനന്തപുരത്തു നിന്നും കർണാടക മുഖ്യമന്ത്രി യദിയൂരപ്പ ബംഗളൂരുവിൽ നിന്നും പങ്കുചേരും.

ഉദ്യോഗമണ്ഡൽ ഫാക്ട് വളപ്പിലെ ഗെയിൽ സബ് സ്റ്റേഷനിൽ പരിപാടി തത്സമയം അവതരിപ്പിക്കും. ഹൈബി ഈഡൻ എം.പി ഉൾപ്പെടെ ജനപ്രതിനിധികളും ഗെയിൽ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും. കൊച്ചിയിലെ വൈപ്പിൻ ദ്വീപിലെ എൽ.എൻ.ജി ടെർമിനലിൽ നിന്നാരംഭിക്കുന്ന 444 കിലോമീറ്റർ ദൈർഘ്യമുള്ള പൈപ്പ്ലൈൻ കർണാകത്തിലെ മംഗലാപുരത്താണ് അവസാനിക്കുന്നത്.