#കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ഇന്ന്

#എൽ.ഡി.എഫുമായി ധാരണയ്ക്ക് സാദ്ധ്യത, ബി.ജെ.പിയെ അകറ്റിനിർത്തുക ലക്ഷ്യം

ആലുവ: നഗരസഭയിൽ സ്ഥിരംസമിതി സ്ഥാനത്തേക്ക് ഭരണപക്ഷത്തും പ്രതിപക്ഷത്തും ചരടുവലി തുടങ്ങി. 11നാണ് സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ്. അംഗബലമനുസരിച്ച് ഭരണപക്ഷമായ കോൺഗ്രസിന് വൈസ് ചെയർപേഴ്സൺ അദ്ധ്യക്ഷയാകുന്ന ധനകാര്യ സമിതിക്ക് പുറമെ മൂന്ന് അദ്ധ്യക്ഷന്മാരെക്കൂടി ലഭിക്കും.

രണ്ട് സ്റ്റാൻഡിംഗ് കമ്മിറ്റി പ്രതിപക്ഷത്തിന് നൽകണം. ബി.ജെ.പിയെ മാറ്റിനിർത്തണമെങ്കിൽ എൽ.ഡി.എഫുമായി ധാരണയുണ്ടാക്കി രണ്ട് കമ്മിറ്റിയും അവർക്ക് വിട്ടുനൽകണം. ഇത് സംബന്ധിച്ച് ചർച്ചയ്ക്കായി കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ഇന്ന് വൈകിട്ട് നാലിന് കോൺഗ്രസ് ഹൗസിൽ നടക്കും. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നഗരസഭ വൈസ് ചെയർമാനായിരിക്കും. വികസനം, വിദ്യാഭ്യാസം, ആരോഗ്യം, പൊതുമരാമത്ത്, ക്ഷേമം എന്നീ കമ്മിറ്റികളിലേക്കാണ് അദ്ധ്യക്ഷന്മാരെ തിരഞ്ഞെടുക്കേണ്ടത്.

മുൻ ഭരണസമിതിയിലും കോൺഗ്രസിന് 14 സീറ്റായിരുന്നു. പ്രതിപക്ഷത്ത് എൽ.ഡി.എഫിന് ഒൻപതും രണ്ട് സ്വതന്ത്രനും ഒരു ബി.ജെ.പി അംഗവും. ഇതേത്തുടർന്ന് രണ്ട് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷസ്ഥാനവും ധനകാര്യ കമ്മിറ്റിയിൽ ഭൂരിപക്ഷവും പ്രതിപക്ഷത്തിനായിരുന്നു. ഇക്കുറി കോൺഗ്രസിന്റെ സീറ്റ് നിലയിൽ മാറ്റമില്ല. എന്നാൽ എൽ.ഡി.എഫിന്റെ സീറ്റ് ഏഴായി ചുരുങ്ങി. ബി.ജെ.പിയുടേത് നാലായി ഉയർന്നു. അഞ്ച് പേർ വീതമാണ് ഓരോ സ്റ്റാൻഡിംഗ് കമ്മിറ്റിയിലും ഉണ്ടാകുക. നിശ്ചിത അംഗങ്ങളിൽ അധികംപേർ ഒരേ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് പത്രിക നൽകിയാൽ വോട്ടേടുപ്പ് വേണ്ടിവരും. കഴിഞ്ഞതവണ കോൺഗ്രസിലെ ഒരു കൗൺസിലർ പാർട്ടി നേതൃത്വവുമായി തെറ്റി സ്റ്റാൻഡിംഗ് കമ്മിറ്റികളിലേക്ക് പത്രിക നൽകാതിരുന്നതും എൽ.ഡി.എഫിന് ഗുണമായി. അതിനാൽ വികസനകാര്യസമിതി അദ്ധ്യക്ഷ സ്ഥാനം നറുക്കെടുപ്പിലൂടെ ലഭിച്ചു. കൂടാതെ വിദ്യാഭ്യാസ അദ്ധ്യക്ഷ സ്ഥാനം ലഭിക്കുകയും ധനകാര്യത്തിൽ ഭൂരിപക്ഷം നേടുകയും ചെയ്തു.

ഇക്കുറി ബി.ജെ.പിയെ അകറ്റി നിർത്തുകയാണ് മുഖ്യലക്ഷ്യം. സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ മൂന്നെണ്ണം ജനറലും രണ്ടെണ്ണം വനിതാ സംവരണവുമാണ്. കോൺഗ്രസിൽ ലത്തീഫ് പൂഴിത്തറ, എം.പി. സൈമൺ, ഫാസിൽ ഹുസൈൻ, സൈജി ജോളി, ലിസ ജോൺസൺ എന്നിവരും എൽ.ഡി.എഫിൽ ഗെയിൽസ് ദേവസി പയ്യപ്പിള്ളി, മിനി ബൈജു, ശ്രീലത വിനോദ് കുമാർ, ബി.ജെ.പിയിൽ പി.എസ്. പ്രീത എന്നിവരുമാണ് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരാൻ രംഗത്തുള്ളത്.