അങ്കമാലി: കനാലിലൂടെയെത്തി റബർ തോട്ടത്തിൽ കയറിയ കാട്ടാനക്കൂട്ടം എടലക്കാട് പരിഭ്രാന്തി പരത്തി. ഞായറാഴ്ച രാത്രിയോടെയാണ് കുട്ടിയാനയും 3 പിടിയാനകളും ഇടതുകര കനാലിലൂടെ എത്തിയത്. ശക്തമായ ഒഴുക്കിൽപ്പെട്ട കാട്ടാനക്കൂട്ടത്തിനു കനാലിൽനിന്നു കരയ്ക്കു കയറാനായില്ല. ആനാട്ടുചോല പ്രദേശത്ത് എത്തിയപ്പോൾ കരയിലേക്കു കയറുന്നതിനു കെട്ടിയ റാംപ് കാണുകയും അതിലൂടെ കരയ്ക്കുകയറുകയുമായിരുന്നു. ഒഴുക്കിൽപ്പെട്ട് 4 കിലോമീറ്റർ ദൂരമാണ് കാട്ടാനകൾ ഒഴുകിയത്. നൂറേക്കറിലേറെ വിസ്തൃതിയുള്ള റബർതോട്ടത്തിനുള്ളിൽ തിരിച്ചുപോകാനാകാതെ കാട്ടാനക്കൂട്ടം കുടുങ്ങിയിരിക്കുകയാണ്.
കാട്ടാനകളുടെ ചിന്നംവിളികേട്ടു നാട്ടുകാർ ഭീതിയിലായി. പുലർച്ചെ തന്നെ പൊലീസും തുടർന്നു വനപാലകരും എത്തിയെങ്കിലും ഒന്നും ചെയ്യാനാവാത്ത അവസ്ഥയായിരുന്നു. കട്ടക്കയം ജോൺസന്റെ വീട്ടിലേക്കുള്ള വഴിയിൽ തമ്പടിച്ച കാട്ടാനക്കൂട്ടം നാട്ടുകാർ ബഹളം വച്ചതോടെ റബർതോട്ടത്തിന്റെ ഉൾഭാഗത്തേക്കു കയറിപ്പോയി. ഇതോടെ നാട്ടുകാരുടെയും മറ്റും കണ്ണിൽനിന്നു കാട്ടാനകൾ മറഞ്ഞു. കാട്ടാനകളെ കനാൽവഴി മാത്രമെ തിരികെ കാട്ടിലേക്കു കയറ്റിവിടാനാകുകയുള്ളു. അതിനായി കനാലിലെ വെള്ളമൊഴുക്ക് ഉച്ചയോടെ നിർത്തി. കൂടുതൽ വനപാലകർ ഇവിടെ എത്തിയിട്ടുണ്ട്. വെയിൽ മാറിയാൽ മാത്രമേ കാട്ടാനകൾ കനാലിന് അടുത്തേക്ക് എത്തുകയുള്ളുവെന്ന നിഗമനത്തിലാണ് വനപാലകരും പൊലീസും നാട്ടുകാരും. ഗുണ്ട് പൊട്ടിച്ചും മറ്റും കാട്ടാനകളെ കനാലിന് അടുത്തേക്കു കൊണ്ടുവന്ന ശേഷമേ കനാലിൽ ഇറക്കി അതുവഴി കാട്ടിലേക്കു വിടാൻ കഴിയുകയുള്ളു.
വനപ്രദേശത്തു പ്ലാന്റേഷനിൽ കനാലിൽ അകപ്പെട്ട കുട്ടിയാനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാകാം ആനകൾ കനാലിൽ അകപ്പെട്ടതെന്നു കരുതുന്നു.