കൊച്ചി: മരണസമയത്ത് കണ്ണും കരളും ദാനംചെയ്ത യുവാവിന്റെ ഭാര്യ വാഹനാപകടത്തിൽ പരിക്കേറ്റ് ഗുരുതാരവസ്ഥയിലായിട്ടും സഹായിക്കാൻ ആരുമില്ല. വല്ലാർപാടം പനമ്പുകാട് ചെറിയകാട്ടിൽ രജീഷ സുധീറാണ് (35) തുടർചികിത്സയ്ക്കും നിത്യജീവിതത്തിനും നിവൃത്തിയില്ലാതെ ബുദ്ധിമുട്ടുന്നത്. 4 വർഷം മുമ്പ് രക്തസമ്മർദ്ദം മൂലം മരണമടഞ്ഞ സുധീറിന്റെ ഭാര്യയാണ് രജീഷ. സുധീറിന് മസ്തിഷ്കമരണം സ്ഥിരീകരിച്ചശേഷം കണ്ണും കരളും ദാനംചെയ്യാൻ സമ്മതപത്രം ഒപ്പിട്ടുനൽകിയ ഭാര്യയാണ് ഇന്ന് സഹായത്തിന് ആരുമില്ലാതെ കിടപ്പിലായത്.
എറണാകുളം മേത്തർ ബസാറിലെ പ്രിൻസ് ഫാൻസി സ്റ്റോഴ്സിലെ സെയിൽസ് ഗേളായിരുന്ന രജീഷയ്ക്ക് കഴിഞ്ഞ ഡിസംബർ 5ന് വൈകിട്ട് ജോലികഴിഞ്ഞ് വീട്ടിലേക്കുപോകുമ്പോഴാണ് ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റത്. കാലിലെ എല്ലുകൾ പൊട്ടിത്തകർന്നതിനെത്തുടർന്ന് അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നു. സ്വന്തം കാലിൽ എഴുന്നേറ്റ് നടക്കാൻ ആറുമാസത്തെ വിശ്രമവും മുടങ്ങാതെയുള്ള ഫിസിയോതെറാപ്പിയും വേണം. ശസ്ത്രക്രിയ്ക്ക് മാത്രം 2 ലക്ഷത്തിലധികം രൂപ ചെലവായി. ആറുമാസത്തെ ഫിസിയോ തെറാപ്പിക്ക് മാത്രം 1.5 ലക്ഷത്തോളം രൂപവേണം. ഇതിനുപുറമെ മരുന്നിനും ഡോക്ടർ വീട്ടിൽവന്ന് പരിശോധിക്കുന്നതിനുമൊക്കെ വലിയതുക വേറെയും കണ്ടെത്തണം.
ഭർത്താവിന്റെ മരണശേഷം കുടുംബത്തിന്റെ ഏകവരുമാനമാർഗം രജീഷയുടെ ജോലിയായിരുന്നു. ഡിഗ്രിക്ക് പഠിക്കുന്ന മകളും ഏഴാംക്ലാസ് വിദ്യാർത്ഥിയായ മകനും ഉൾപ്പെട്ട കുടുംബം രണ്ട് സെന്റിലെ കൊച്ചുവീട്ടിലാണ് താമസം. ഓട്ടോറിക്ഷ ഡ്രൈവറായ സഹോദരൻ കഴിവിനനുസരിച്ച് സഹായിക്കുന്നുണ്ടെങ്കിലും അതുകൊണ്ടുമാത്രം മുന്നോട്ടുപോകാനാവാത്ത അവസ്ഥയിലാണ് ഈ കുടുംബം.
ഭർത്താവിന്റെ അകാലവേർപാടിനിടയിലും ദു:ഖം ഉള്ളിലൊതുക്കി അദ്ദേഹത്തിന്റെ അവയവങ്ങൾ ജീവിച്ചിരിക്കുന്ന രണ്ടുപേർക്ക് പ്രയോജനപ്പെടട്ടെ എന്ന് തീരുമാനിച്ച് സമൂഹത്തിനാകെ മാതൃകയായ യുവതിയാണ് സ്വന്തം വീഴ്ചയിൽ സഹായത്തിന് ആരുമില്ലാതെ വലയുന്നത്. സമൂഹമന:സാക്ഷിക്ക് നേരെ ഉയരുന്ന മറ്റൊരു ചൂണ്ടുവിരലാണ് രജീഷയുടെ ജീവിതം. 4 വർഷം മുമ്പ് ചെയ്ത ജീവകാരുണ്യത്തിന് മഹത്വം തിരിച്ചറിഞ്ഞ് ആരെങ്കിലുമൊക്കെ സഹായിക്കാനെത്തുമെന്ന പ്രതീക്ഷയിലാണ് ഈ യുവതി. രജീഷ സുധീർ, ചെറിയകാട്, പനമ്പുകാട്, വല്ലാർപാടം.പി.ഒ, എറണാകുളം. ഫോൺ: 8921515060. 9745379604. സ്റ്റേറ്റ് ബാങ്കിലെ അക്കൗണ്ട് അക്കൗണ്ട് നമ്പർ 67231395260, ഐ.എഫ്.എസ് കോഡ്: എസ്.ബി.ഐ.എൻ 0070801. ബ്രാഞ്ച് കോഡ്: 70801.