കൊച്ചി: നഗരത്തിൽ ഏറ്റവും കൂടുതൽ പേർ വിശ്രമത്തിനെത്തുന്ന ക്യൂൻസ് വാക്ക് വേ സംരക്ഷിക്കാൻ കർമ്മ പദ്ധതികളൊരുങ്ങുന്നു. ഹൈബി ഈഡൻ എം.പിയുടെ നിർദേശ പ്രകാരം ജില്ലാ കളക്ടർ എസ്. സുഹാസ് വിളിച്ച് ചേർത്ത യോഗത്തിലാണ് തീരുമാനം. എം.എൽ.എ ടി.ജെ വിനോദും പങ്കെടുത്തു.
കൊച്ചിക്കാരുടെ മനം കവർന്ന നടപ്പാതയാണ് ഗോശ്രീ പാലം മുതൽ ചത്യാത്ത് വരെ നീളുന്ന ക്യൂൻസ് വേ. കൂടുതൽ ആളുകൾ എത്തി തുടങ്ങിയതോടെ സാമൂഹ്യവിരുദ്ധരുടെ ശല്യവും പെരുകി. കായൽ ഭാഗത്ത് സ്ഥാപിച്ചിരുന്ന എൽ.ഇ.ഡി ബാറുകൾ പറിച്ചെടുക്കുക, ഇരിപ്പിടങ്ങൾ നശിപ്പിക്കുക, ചെടികൾ പറിച്ചെടുക്കുക, പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുക തുടങ്ങിയവയായിരുന്നു സാമൂഹ്യവിരുദ്ധരുടെ സ്ഥിരം പരിപാടികൾ.
ഹൈബി ഈഡൻ എം.എൽ.എയായിരുന്ന കാലയളവിൽ ടൂറിസം വകുപ്പിൽ നിന്ന് അനുവദിച്ച അഞ്ചു കോടി രൂപ ഉപയോഗിച്ചാണ് വാക്ക് വേ നിർമ്മിച്ചത്. സാമൂഹ്യ വിരുദ്ധരുടെ ശല്യം കൂടിയതോടെ എം.എൽ.എ ഫണ്ടിൽ നിന്നും 22.5 ലക്ഷം രൂപ മുടക്കിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചു. ബി.പി. സി.എൽ കൊച്ചിയുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് തെരുവു വിളക്കുകൾ സ്ഥാപിച്ചു. പിന്നീട് ഹൈബി ഈഡൻ എം.എൽ. എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഓപ്പൺ ജിംന്യേഷ്യവും ഐ ലവ് കൊച്ചി ഇൻസ്റ്റലേഷനും നിർമ്മിച്ചു.
എല്ലാ വിഷയങ്ങളും സമഗ്രമായി പരിശോധിച്ച് ക്യൂൻസ് വേ സംരക്ഷിക്കുനതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തതായി ഹൈബി ഈഡൻ അറിയിച്ചു. കരാർ കാലവധി കഴിഞ്ഞതിന് ശേഷവും ഇരിപ്പിടങ്ങൾ ഉൾപ്പടെയുള്ളവ പുനരുദ്ധാരണം ചെയ്യുന്നതിന് പദ്ധതിയുടെ കരാറുകാരായ എ.കെ കൺസ്ട്രക്ഷൻസ് തയ്യാറായി. വാർഷിക മെയിന്റനൻസ് കരാർ ഏൽപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാൻ ജിഡയ്ക്ക് ജില്ലാ കളക്ടർ നിർദേശം നല്കി.
ടോയ്‌ലെറ്റ് ബ്‌ളോക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ടെന്ന് ഹൈബി ഈഡൻ എം.പി അറിയിച്ചു. കണ്ടെയ്നർ ടോയ്‌ലെറ്റുകളാണ് നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്നത്. റോഡിന് മറുവശത്തുള്ള അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കും. ഭക്ഷണം ലഭിക്കുന്നതിന് സ്ഥിരം സംവിധാനം ഏർപ്പെടുത്തും. ക്യൂൻസ് വേ പരിപാലിക്കുന്നതിന് എതിർവശത്തുള്ള ഫ്‌ളാറ്റുകൾക്കാണ് ചുമതല. പരിപാലനം കൃത്യമായി ഉറപ്പ് വരുത്തും. മാലിന്യം നിക്ഷേപിക്കുന്നവരെ തടയുന്നതിന് സെക്യൂരിറ്റി സ്റ്റാഫിനെ നിയമിയ്ക്കും. വാക്ക് വേയുടെ സമഗ്ര വികസനവും പരിപാലനവും, നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കുന്നത് സംബന്ധിച്ചും വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ ജിഡ പ്രൊജക്ട് ഡയറക്ടർക്ക് കളക്ടർ നിർദ്ദേശം നൽകി.