അങ്കമാലി: കുട്ടികളെത്തും മുമ്പേ ക്ലാസിൽ ഹാജരായ വെള്ളിമൂങ്ങകളെ പിടികൂടി വനപാലകൾക്ക് കൈമാറി. ഇന്ന് സുരക്ഷിതമായ ഇടത്തേക്ക് ഇവയെ തുറന്ന് വിടും. പുളിയനയം ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണ് വെള്ളിമൂങ്ങ കൂടുംബം തമ്പടിച്ച് വിലസിയിരുന്നത്. കുട്ടികളില്ലാതിരുന്നതോടെ ക്ലാസുകളെല്ലാം ഇവർ തങ്ങളുടെ ഇടമാക്കി. എന്നാൽ സർക്കാർ ഉത്തരവിന് പിന്നാലെ സ്കൂൾ അണുവിമുക്തമാക്കാൻ എത്തിയ പി.ടി.എ ഭാരവാഹികളാണ് ഇരുവരേയും കൈയോടെ പൊക്കിയത്. പി.ടി.എ പ്രസിഡന്റ് ഫോട്ടോയെടുത്ത് വാട്സ്ആപ്പിൽ ഇട്ടതോടെ പുതിയ വിദ്യാർത്ഥികളെ കാണാൻ ആളുകളെത്താൻ തുടങ്ങി. ചിലർ ഭക്ഷണവുമായാണ് എത്തിയത്. വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ വനപാലകർക്ക് വെള്ളിമൂങ്ങകളെ കൈമാറുകയായിരുന്നു.