koodi-krish-

പറവൂർ: പെരിയാറിലെ ജലത്തിൽ വിഷമാലിന്യത്തിന്റെ വ്യാപനം കുടുന്നത് മൂലം പ്രതിസന്ധിയിലായ കൂട് മത്സ്യകർഷകരുടെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ജനപ്രതിനിധികൾ പറഞ്ഞു. പ്രശ്നം നേരിട്ടു കാണാൻ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി. കൂട് കൃഷിയിലെ മത്സ്യങ്ങൾ ചത്തുപൊങ്ങുകയാണ്.ലക്ഷങ്ങൾ മുടക്കി കൃഷി ചെയ്യുന്ന നൂറ് കണക്കിന് കർഷകരാണ് ഇതുമൂലം വിഷമ സന്ധിയിലായത്. ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ബ്ലോക്ക് - ഗ്രാമ പഞ്ചായത്തുകൾ പ്രമേയം പാസാക്കി സർക്കാരിലേക്ക് സമർപ്പിക്കും. പെരിയാറിലെ ജലത്തിൽ വിഷമാലിന്യങ്ങളുടെ അളവ് കൂടുതലാണോയെന്ന പരിശോധന അടിയന്തിരമായി നടത്തണമെന്ന് സ്ഥലം സന്ദർശിച്ച ജില്ല പഞ്ചായത്തംഗം എ.എസ്. അനിൽകുമാർ ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്തംഗം നിതാ സ്റ്റാലിൻ, പഞ്ചായത്തംഗം കെ.ടി. ഗ്ലിറ്റർ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.