നെടുമ്പാശേരി: വിദേശ രാജ്യങ്ങളിൽ കഴിയുന്ന മലയാളികൾ അടക്കമുള്ളവരെ നാട്ടിലെത്തിക്കുന്നതിനായി കൊച്ചി രാജ്യാന്തര വിമാനതാവളത്തിലേയ്ക്ക് ചാർട്ടർ വിമാനങ്ങൾക്ക് ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) വീണ്ടും അനുമതി നൽകി. വിദേശ രാജ്യങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ചാർട്ടർ വിമാന സർവീസുൾ ഉൾപ്പടെയുള്ളവ നിരോധിച്ചത്. ഇംഗ്ലണ്ട്, യുറോപ്പ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നായിരിക്കും കൊച്ചി വിമാനത്താവളം ഉൾപ്പടെയുള്ള സ്ഥലങ്ങളിലേയ്ക്ക് ആദ്യ ഘട്ടത്തിൽ സർവീസ് നടത്തുന്നത്.കുവൈറ്റിൽ നിന്നും കേരളത്തിലേയ്ക്ക് ചാർട്ടർ വിമാനങ്ങൾ സർവീസ് നടത്തുന്നതിന് വിവിധ വിമാന കമ്പനികൾ ഇതിനകം ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടന്ന് അറിയുന്നു. ചാർട്ടർ വിമാനങ്ങൾ എത്തുന്നതോടെ കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകും. വിദേശത്ത് നിന്നെത്തുന്ന എല്ലാവരെയും കൊവിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. പരിശോധനയിൽ സംശയം തോന്നുന്ന യാത്രക്കാരെ ക്വാറന്റൈൻ ചെയ്യും.