pakshipani

കോലഞ്ചേരി: കോട്ടയത്തും ആലപ്പുഴയിലും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതോടെ ജില്ലയിലെ പൗൾട്രി ഫാമുടമകളുടെ നെഞ്ചിടിപ്പേറി. ഒരു വർഷം മുമ്പ് സാമനമായി പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് നിരവധി താറാവുകളേയും കോഴികളേയും ഫാമുടമകൾക്ക് കൊല്ലേണ്ടി വന്നിരുന്നു. ഈ നഷ്ടം നികത്തി വരുന്നതിനിടെയാണ് കൊവിഡും പിന്നാലെ ലോക്ക് ഡൗണും എത്തിയത്. സാമ്പത്തികമായി തകർച്ചയുടെ വക്കിലെത്തിയ ഫാമുടമകൾ ഏതാനും മാസത്തിനിടെയുണ്ടായ കച്ചവടത്തിലാണ് ജീവിതം പിടിച്ച് നിർത്തിയത്. എന്നാൽ അയൽ ജില്ലകളിൽ വീണ്ടും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതോടെ ഫാമുകളിലെ കോഴികളേയും താറാവിനേയും മറ്റും കൊല്ലേണ്ടിവരുമോയെന്നതാണ് ഇവരുടെ നെഞ്ചിടിപ്പേറാൻ കാരണം. അതേസമയം ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്കി കഴിഞ്ഞു.

പക്ഷിപ്പനി

പക്ഷികളിൽ ബാധിക്കുന്ന ഒരു സാംക്രമികരോഗമാണ് പക്ഷിപ്പനി. ഒരു വൈറസ് രോഗമാണിത്. പക്ഷികളിൽ നിന്നും പക്ഷികളിലേക്കാണ് ഇത് പകരാറുള്ളത്. മനുഷ്യരിലേക്ക് സാധാരണഗതിയിൽ പകരാറില്ല. കോഴി, താറാവ്, കാട, വാത്ത, ടർക്കി, അലങ്കാരപക്ഷികൾ തുടങ്ങി എല്ലാ പക്ഷികളെയും ഈ രോഗം ബാധിക്കാം. കേരളത്തിൽ ഈ രോഗം മനുഷ്യരെ ബാധിച്ചതായി ഇതുവരെ റിപ്പോർട്ടില്ല. എങ്കിലും രോഗബാധയേ​റ്റ പക്ഷികളുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർ, പരിപാലിക്കുന്നവർ, വളർത്തു പക്ഷികളുമായി ഇടപഴകുന്ന കുട്ടികൾ, വീട്ടമ്മമാർ, കശാപ്പുകാർ, വെ​റ്ററിനറി ഡോക്ടർമാർ, പക്ഷികളെ നശിപ്പിക്കാൻ നിയോഗിച്ചവർ, മ​റ്റു ബന്ധപ്പെട്ട ജീവനക്കാർ എന്നിവർ രോഗബാധ ഏൽക്കാതിരിക്കാനുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണം.

സൂക്ഷിക്കണം
രോഗബാധയുണ്ടെന്ന് സംശയിക്കുന്ന പക്ഷികളെ കൈകാര്യംചെയ്യുന്നവർ കൈയുറ, മുഖാവരണം എന്നിവ ധരിക്കുകയും അതതു സമയങ്ങളിൽ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും വേണം. ചത്തുപോയ പക്ഷികൾ, അവയുടെ മുട്ട, കാഷ്ഠം മുതലായവ ആഴത്തിൽ കുഴിച്ചു മൂടുകയോ കത്തിക്കുകയോ ചെയ്യണം.ഇറച്ചി നന്നായി വേവിച്ച് പാകം ചെയ്യുക. പുഴുങ്ങിയ മുട്ട കഴിക്കാം.
ശക്തമായ ദേഹവേദന, പനി, ചുമ, ശ്വാസംമുട്ടൽ, ജലദോഷം, കഫത്തിൽ രക്തം മുതലായവയാണ്‌ രോഗലക്ഷണങ്ങൾ. രോഗപകർച്ചക്ക് സാദ്ധ്യതയുള്ള സാഹചര്യത്തിലുള്ളവർ ഈ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തേയോ ആരോഗ്യ പ്രവർത്തകരെയോ സമീപിക്കണം.