ആലുവ: ദേശീയപാതയിലെ മെട്രോ സ്റ്റേഷനുകളുടെ സമീപത്തായി ചവറുകൂനകൾ കുന്നുകൂടുന്നതായി പരാതി. പുളിഞ്ചോട്, കമ്പനിപ്പടി, മുട്ടം മെട്രോ സ്റ്റേഷനുകൾക്കിടയിലായാണ് മാലിന്യം റോഡരികിൽ കുന്നുകൂടുന്നത്.
ആലുവ നഗരാതിർത്തിയായ പുളിഞ്ചോട്, ചൂർണിക്കര പഞ്ചായത്തിലെ അമ്പാട്ടുവ് എന്നിവിടങ്ങളിൽ അറവുമാലിന്യം അടക്കമാണ് ഉപേക്ഷിക്കപ്പെടുന്നത്. ഇവിടെനിന്ന് പ്ലാസ്റ്റിക് കവറുകൾ കാറ്റിൽപ്പറന്നുനടക്കുന്നതും സ്ഥിരംകാഴ്ചയാണ്. ആയിരക്കണക്കിന് യാത്രക്കാർ ദുർഗന്ധം സഹിച്ചാണ് ഇതുവഴി കടന്നുപോകുന്നത്. ആലുവ നഗരസഭയും ചൂർണിക്കര പഞ്ചായത്തും അതിർത്തി പങ്കിടുന്ന പ്രദേശമാണിത്. സ്ഥിരം സമിതി അദ്ധ്യക്ഷരുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടില്ലാത്തതിനാൽ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കാനോ ഏകോപിപ്പിക്കാനോ ആളില്ല.