തൃക്കാക്കര : കാറിൽ അനധികൃത ബോർഡ് സ്ഥാപിച്ച കറങ്ങി നടന്ന യുവാവിനെ തൃക്കാക്കര പൊലീസ് കൈയോടെ പൊക്കി. കാക്കനാട് വാഴക്കാല പാപ്പാളി റോഡിൽ സ്വകാര്യ ഫ്ളാറ്റിൽ താമസിക്കുന്ന സെബിൻ പുന്നക്കലിനെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. കേന്ദ്ര സർക്കാർ ചിഹ്നവും പേരും വച്ച് ഒരാൾ കറങ്ങിനടക്കുന്നതായി തൃക്കാക്കര സി.ഐ ആർ.ഷാബുവിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് പടമുകളിൽ പാർക്ക് ചെയ്തിരുന്ന വാഹനം പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.സ്വകാര്യ വാഹനത്തിൽ നമ്പർ പ്ളേറ്റിൽ ചുവന്ന ബോർഡിൽ ഗവ.ഒഫ് ഇന്ത്യ, ക്രിമിനൽ സർവേലൻസ് ആൻഡ് വിജിലൻസ് എന്നാണ് എഴുതിയിരുന്നത്.കൂടാതെ അശോക സ്തംഭവും.ഒറ്റനോട്ടത്തിൽ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥന്റെ വാഹനമാണെന്നേ പറയൂ. എൻ.ജി. മാതൃകയിലുള്ള സ്ഥാപനത്തിന്റെ കാറിലാണ് സർക്കാർ വാഹനങ്ങൾക്ക് സമാനമായ ബോർഡ് വച്ച് ഇയാൾ കറങ്ങിയത്.സംഘടനയുടെ അംഗങ്ങൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതി ഒളിവിലാണ്.എസ്.ഐമാരായ ജസ്റ്റിൻ,റോയ് കെ പുന്നൂസ്,റഫീക്ക് .സി.പി.ഓ അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.