കൊച്ചി : കോതമംഗലം മർത്തോമൻ ചെറിയ പള്ളി ജനുവരി എട്ടിനകം ഏറ്റെടുത്ത് ഒാർത്തഡോക്സ് വിഭാഗത്തിന് കൈമാറിയില്ലെങ്കിൽ കേന്ദ്ര സേനയെ നിയോഗിക്കുമെന്ന ഹൈക്കോടതി സിംഗിൾബെഞ്ചിന്റെ വിധിക്കെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. ജില്ലാ കളക്ടർ എസ്. സുഹാസ് നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് ഇന്നു പരിഗണിച്ചേക്കും.
വിധി നടപ്പാക്കിയില്ലെന്നാരോപിച്ച് ഫാ. തോമസ് പോൾ റമ്പാൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് പള്ളി ഏറ്റെടുക്കാൻ സമയം നിശ്ചയിച്ച് സിംഗിൾബെഞ്ച് നിർദ്ദേശം നൽകിയത്. കോടതിയലക്ഷ്യ ഹർജിയിലെ സിംഗിൾബെഞ്ചിന്റെ ഉത്തരവ് അധികാര പരിധി മറികടന്നുള്ളതാണെന്ന് അപ്പീലിൽ ആരോപിക്കുന്നു. ഡിസംബർ എട്ടിലെ ഉത്തരവു സ്റ്റേ ചെയ്യണമെന്നും കോടതിയലക്ഷ്യ ഹർജി തള്ളണമെന്നും അപ്പീലിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ചെറിയപള്ളി ഏറ്റെടുക്കൽ : കോതമംഗലത്ത് പ്രതിഷേധം
കൊച്ചി: കോതമംഗലം മാർത്തോമ ചെറിയപള്ളി ഏറ്റെടുക്കാൻ ഹൈക്കോടതി നൽകിയ അന്ത്യശാസന കാലാവധി അവസാനിക്കാൻ മൂന്നു ദിവസം ബാക്കിനിൽക്കെ വിശ്വാസികളും നാട്ടുകാരും പ്രതിഷേധം പുനരാരംഭിച്ചു. വിധി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പ്രതിഷേധ കൂട്ടായ്മ പ്രഖ്യാപിച്ചു.
ആഗോള തീർത്ഥാടനകേന്ദ്രവും പരിശുദ്ധ യെൽദോ ബസേലിയോസ് ബാവയുടെ കബറിടം സ്ഥിതി ചെയ്യുന്നതുമായ ചെറിയപള്ളി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് മതമൈത്രി സമിതി സമരരംഗത്തുള്ളത്.ചെറിയപള്ളിത്താഴത്ത് സത്യാഗ്രഹവും ആരംഭിച്ചു.
ജനുവരി എട്ടിനകം ചെറിയപള്ളി ഏറ്റെടുത്തു ഓർത്ത്ഡോക്സ് പക്ഷത്തിനു കൈമാറണമെന്നാണ് ഉത്തരവ്. സർക്കാരിനു കഴിഞ്ഞില്ലെങ്കിൽ സി.ആർ.പി.എഫിനെ ഉപയോഗിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.