collector
തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രനട തുറപ്പ് മഹോത്സവത്തിൽ പങ്കെടുക്കാനായി എത്തിയ ജില്ലാ കളക്ടർ എസ്..സു ഹാസ് മഞ്ഞൾ പറ നിറയ്ക്കൽ വഴിപാട് നടത്തുന്നു

കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ നടതുറപ്പു മഹോത്സവത്തിന് കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കാനുള്ള അനുമതിതേടി ക്ഷേത്ര ട്രസ്റ്റ് നിവേദനം നൽകി. ക്ഷേത്രം സന്ദർശിച്ച ജില്ലാ കളക്ടർ എസ്. സുഹാസിനും ജില്ലാ സർവൈലൻസ് ഓഫീസർ എസ്. ശ്രീദേവിക്കും മുന്നിലാണ് ആവശ്യം ഉന്നയിച്ചത്.

നടതുറപ്പ് മഹോത്സവം പകുതി ദിനങ്ങൾ പിന്നിടുമ്പോൾ 7500 പേർ മാത്രമാണ് ഇതുവരെ ദർശനം നടത്തിയത്. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് പ്രതിദിനം ഓൺലൈൻവഴി വെർച്വൽ ക്യൂ ബുക്ക് ചെയ്ത 1500 പേർക്ക് മാത്രമായി ദർശനം പരിമിതപ്പെടുത്തിയതിനാലാണ് ഈ കുറവുണ്ടായത്.

നടതുറപ്പ് ഉത്സവം ആരംഭിക്കും മുൻപേ വെർച്വൽ ക്യൂ ബുക്കിംഗ് ഏറെക്കുറെ പൂർത്തിയായിരുന്നു. ഇവരെല്ലാം ദർശനത്തിന് എത്തിയിട്ടും ഭക്തരുടെ എണ്ണം തീരെ കുറവായിരുന്നു.

പൊലീസ് സേനയുടെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ കൊവിഡ് പ്രതിരോധത്തിനായി വിപുലമായ സംവിധാനങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്. ഭക്തർ മാസ്‌ക്ക് ധരിക്കുന്നത് ഉറപ്പാക്കുകയും കൈകൾ ശുചിയാക്കാൻ സാനിറ്റൈസറും സാമൂഹിക അകലം പാലിക്കാൻ ബാരിക്കേഡുകളും അടയാളങ്ങളും എല്ലാ മാനദണ്ഡങ്ങളും പൂർണ്ണമായും പാലിച്ചുകൊണ്ടാണ് നടതുറപ്പ് മഹോത്സവം. വെർച്വൽ ക്യൂ വെരിഫിക്കേഷൻ മുതൽ ദർശനം കഴിഞ്ഞു പുറത്തിറങ്ങും വരെ പൊലീസും ക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള സെക്യൂരിറ്റി ജീവനക്കാരും കൃത്യമായി പരിശോധനകൾ നടത്തുന്നു.