ആലുവ: നഗരസഭ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ഇന്ന് വൈകിട്ട് നടക്കും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരെ നിശ്ചയിക്കലും സ്റ്റാന്റിംഗ് കമ്മിറ്റിക്കായി കുടുംബശ്രീ കെട്ടിടത്തിൽ ഏറ്റെടുക്കുന്നതുമാണ് മുഖ്യ അജണ്ട.
രണ്ട് വിഷയങ്ങളിലും തർക്കമുണ്ട്. അഞ്ച് സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരിൽ മൂന്നെണ്ണം കോൺഗ്രസിന് ലഭിക്കും. എൽ.ഡി.എഫുമായി ധാരണ ഉണ്ടാക്കിയില്ലെങ്കിൽ ഒന്ന് എൽ.ഡി.എഫിനും ഒന്ന് ബി.ജെ.പിക്കും പോകും. ബി.ജെ.പിയെ മാറ്റി നിർത്തണമെങ്കിൽ എൽ.ഡി.എഫുമായി ധാരണയുണ്ടാക്കണം. ജനറൽ വിഭാഗം മൂന്നും രണ്ടെണ്ണം വനിത സംവരണവുമാണ്. കോൺഗ്രസിലെ ലത്തീഫ് പൂഴിത്തറ, ഫാസിൽ ഹുസൈൻ, എം.പി. സൈമൺ എന്നിവർ ചെയർമാൻ സ്ഥാനത്തിനായുണ്ട്. മൂവരുടെയും സമ്മർദ്ദത്തിന് വഴങ്ങിയാൽ വനിത സംവരണമായ പൊതുമരാമത്ത് ഉൾപ്പെടെ പ്രതിപക്ഷത്തിന് പോകും. അതൊഴിവാക്കണമെങ്കിൽ ജനറൽ ഒന്ന് പ്രതിപക്ഷത്തിന് വിട്ടുനൽകണം. ഇതാണ് ഭരണപക്ഷത്തെ മുഖ്യപ്രശ്നം.11നാണ് സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ്. വികസനം, വിദ്യാഭ്യാസം, ആരോഗ്യം, പൊതുമരാമത്ത്, ക്ഷേമം എന്നീ കമ്മിറ്റികളിലേക്കാണ് അദ്ധ്യക്ഷന്മാരെ തിരഞ്ഞെടുക്കേണ്ടത്.
മുൻ ഭരണസമിതിയിലും കോൺഗ്രസിന് 14 സീറ്റായിരുന്നു. പ്രതിപക്ഷത്ത് എൽ.ഡി.എഫിന് ഒൻപതും രണ്ട് സ്വതന്ത്രനും ഒരു ബി.ജെ.പി അംഗവും. ഇതേത്തുടർന്ന് രണ്ട് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷസ്ഥാനവും ധനകാര്യ കമ്മിറ്റിയിൽ ഭൂരിപക്ഷവും പ്രതിപക്ഷത്തിനായിരുന്നു. ഇക്കുറി കോൺഗ്രസിന്റെ സീറ്റ് നിലയിൽ മാറ്റമില്ല. എന്നാൽ എൽ.ഡി.എഫിന്റെ സീറ്റ് ഏഴായി ചുരുങ്ങി. ബി.ജെ.പിയുടേത് നാലായി ഉയർന്നു. അഞ്ച് പേർ വീതമാണ് ഓരോ സ്റ്റാൻഡിംഗ് കമ്മിറ്റിയിലും ഉണ്ടാകുക. നിശ്ചിത അംഗങ്ങളിൽ അധികംപേർ ഒരേ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് പത്രിക നൽകിയാൽ വോട്ടെടുപ്പുണ്ടാകും. കഴിഞ്ഞതവണ കോൺഗ്രസിലെ ഒരു കൗൺസിലർ പാർട്ടിയുമായി തെറ്റി കമ്മിറ്റിയിലേക്ക് പത്രിക നൽകാതിരുന്നതും എൽ.ഡി.എഫിന് ഗുണമായി. അതിനാൽ വികസനകാര്യസമിതി അദ്ധ്യക്ഷ സ്ഥാനം നറുക്കെടുപ്പിലൂടെ ലഭിച്ചു. കൂടാതെ വിദ്യാഭ്യാസ അദ്ധ്യക്ഷ സ്ഥാനം ലഭിക്കുകയും ധനകാര്യത്തിൽ ഭൂരിപക്ഷം നേടുകയും ചെയ്തു.
കുടുംബശ്രീയുമായി തർക്കം
പുതിയ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷർക്കായുള്ള ഓഫീസിനായി കുടുംബശ്രീയുടെ കൈവശമുള്ള മുറി ഏറ്റെടുക്കാനുള്ള നഗരസഭയുടെ തീരുമാനമാണ് എതിർപ്പിന് വഴിയൊരുക്കിയത്. നഗരസഭ കെട്ടിടത്തോട് ചേർന്നാണ് കുടുംബശ്രീ കെട്ടിടം. വൈസ് ചെയർപേഴ്‌സൻ ഉപയോഗിച്ചിരുന്ന ഒന്നാംനിലയിലെ മുറി മാറ്റി അവിടെ നേരത്തെയുണ്ടായിരുന്ന സന്ദർശകരുടെ ഇരിപ്പിടം പുന:സ്ഥാപിച്ചിരുന്നു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ഉപയോഗിച്ചിരുന്ന മുറി വൈസ് ചെയർപേഴ്‌സനും നൽകി. കുടുംബശ്രീ അനക്‌സ് കെട്ടിടം നിർമ്മിച്ചത് കുടുംബക്ഷേമ വകുപ്പിന്റെയും നഗരസഭയുടെയും ഫണ്ട് ഉപയോഗിച്ചാണ്. സ്റ്റാന്റിംഗ് കമ്മിറ്റി ഓഫീസുകൾ ഇങ്ങോട്ട് മാറ്റിയാൽ കുടുംബശ്രീയുടെ സ്വകാര്യത നഷ്ടപ്പെടുമെന്നാണ് അവർ പറയുന്നത്. ഇന്നത്തെ പാർലമെന്ററി പാർട്ടിയിൽ ഈ വിഷയത്തിലും തീരുമാനമുണ്ടാകും.