
ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധി ഡിവിഷൻ ബെഞ്ച് ശരിവച്ചു
കൊച്ചി : കാരക്കോണം മെഡിക്കൽ കോളേജിലെ സർക്കാർ ക്വാട്ടയിൽ മെഡിക്കൽ പി.ജി പൂർത്തിയാക്കിയവർ ബോണ്ടനുസരിച്ച് ഒരു വർഷത്തെ നിർബന്ധിത സേവനം അനുഷ്ഠിക്കണമെന്ന വിധി ഹൈക്കോടതി ഡിവിഷൻബെഞ്ച് ശരി വച്ചു. സിംഗിൾബെഞ്ചിന്റെ കഴിഞ്ഞ നവംബറിലെ വിധിക്കെതിരെ പി.ജി വിദ്യാർത്ഥികൾ നൽകിയ അപ്പീൽ തള്ളിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നടപടി.
2017 - 2018 അദ്ധ്യയനവർഷത്തിൽ പി.ജി കോഴ്സിനു ചേർന്ന ഹർജിക്കാർ ഒരു വർഷത്തെ നിർബന്ധിത സേവനത്തിന് സമ്മതമാണെന്ന് കോളേജ് മാനേജ്മെന്റിന് ബോണ്ട് ഒപ്പിട്ടുനൽകിയിരുന്നു. സർക്കാർ ക്വാട്ടയിൽ പ്രവേശനം കിട്ടിയവർക്ക് പി.ജി പഠനത്തിന് സൗകര്യം നൽകുന്നതിനു പകരമായി ഒരുവർഷം പഠിച്ച സ്ഥാപനത്തിൽ തന്നെ സേവനം അനുഷ്ഠിക്കണമെന്ന് ബോണ്ട് ഒപ്പു വയ്ക്കണമെന്ന് പ്രോസ്പെക്ടസിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതു ഗവ.മെഡിക്കൽ കോളേജുകൾക്ക് മാത്രമാണ് ബാധകമെന്നും 2019 ഡിസംബർ മുതൽ സ്റ്റൈപ്പന്റ് ലഭിക്കുന്നില്ലെന്നുമാണ് ഹർജിക്കാരുടെ വാദം. കൊവിഡ് വ്യാപനസാഹചര്യത്തിൽ ഇവരുടെ സേവനം ആവശ്യമാണെന്ന് കോളേജ് അധികൃതരും വാദിച്ചു. അപ്പീൽ പരിഗണിച്ച ഡിവിഷൻബെഞ്ച് സിംഗിൾബെഞ്ചിന്റെ വിധിയിൽ അപാകതയില്ലെന്ന് വ്യക്തമാക്കി.. സ്വാശ്രയ സ്ഥാപനമായാലും സർക്കാരിന്റേതായാലും മനുഷ്യരെ സേവിക്കാനാണ് നിർബന്ധിക്കുന്നത്. ഇത് ഏതെങ്കിലും നഷ്ടം നികത്താനല്ല, മനുഷ്യരെ സേവിക്കുന്നുവെന്ന് ഉറപ്പാക്കാനാണ്. തൊഴിൽപരമായ വളർച്ചയ്ക്കുള്ള പരിശീലനത്തിന്റെ ഭാഗമാണിതെന്നും ഡിവിഷൻബെഞ്ച് ചൂണ്ടിക്കാട്ടി..