കൊച്ചി: കേന്ദ്ര സർക്കാർ ആവിഷ്കരിക്കുകയും കേരളത്തിൽ പിണറായി സർക്കാർ എതിർപ്പുകൾ മറികടന്ന് പൂർത്തിയാക്കുകയും ചെയ്ത കൊച്ചി - മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈൻ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. ' ഒറ്റരാജ്യം, ഒറ്റ വാതക ശൃംഖല' പദ്ധതിയിലൂടെ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലെ നിർണായക ചുവടുവയ്പാണ് 444 കിലോമീറ്റർ വരുന്ന ഈ പൈപ്പ് ലൈനെന്ന് അദ്ദേഹം പറഞ്ഞു. സ്വാശ്രയ ഇന്ത്യ സാദ്ധ്യമാക്കാൻ വാതകാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ അനിവാര്യമാണ്. പദ്ധതി കേരളത്തിനും കർണാടകത്തിനും നേട്ടമാണ്.
വീഡിയോ കോൺഫറൻസിംഗിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
12 ലക്ഷം തൊഴിൽദിനങ്ങൾ സൃഷ്ടിക്കാൻ പദ്ധതിക്ക് കഴിഞ്ഞു.
സിറ്റി ഗ്യാസ്, വാഹനങ്ങൾക്ക് സി.എൻ.ജി എന്നിവ സുലഭമാകും. മംഗലാപുരം റിഫൈനറിക്കും മറ്റു വ്യവസായങ്ങൾക്കും എൽ.എൻ.ജി ലഭ്യമാവും.
വാഹന ഇന്ധനം വിതരണം ചെയ്യാൻ 700 സി.എൻ.ജി സ്റ്റേഷനുകൾ ഈ പൈപ്പ് ലൈനിൽ ആരംഭിക്കും.
രാജ്യത്ത് പ്രകൃത വാതകത്തിന്റെ ഉപഭോഗം ആറുശതമാനത്തിൽ നിന്ന് 15ആയി വർദ്ധിപ്പിക്കും.
2014വരെ 15,000 കിലോമീറ്റർ പ്രകൃതിവാതക പൈപ്പ് ലൈൻ മാത്രമാണുണ്ടായിരുന്നത്. ഇപ്പോൾ 16,000 കിലോമീറ്റർ പൈപ്പിടൽ പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്ര എണ്ണ പ്രകൃതിവാതക മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, പാർലമെന്ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, ഗവർണർമാരായ ആരിഫ് മുഹമ്മദ്ഖാൻ (കേരളം), വാജുഭായ് വാല (കർണാടക), മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, ബി.എസ്. യദിയൂരപ്പ എന്നിവർ ചടങ്ങിൽ പങ്കാളികളായി.
സമഗ്രവികസനത്തിന് വഴിതെളിക്കും: പിണറായി
കൊച്ചി: ഗെയിൽ പൈപ്പ് ലൈൻ പദ്ധതി കേരളത്തിന്റെ സമഗ്രവികസനത്തിനും ഉൗർജമേഖലയുടെ വളർച്ചയ്ക്കും വഴിതെളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുറഞ്ഞവിലയിൽ പ്രകൃതിവാതകം ലഭിക്കുമ്പോൾ കേരളമെങ്ങും വൻവികസനം സാദ്ധ്യമാകും.
സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനമാണ് നിറവേറ്റിയത്. അവരുടെ ആശങ്കകൾ പരിഹരിച്ചു. പ്രതിഷേധങ്ങൾ മൂലം 2014 ൽ പണികൾ ഗെയിൽ നിറുത്തിവച്ചിരുന്നു. കാര്യങ്ങൾ ബോദ്ധ്യപ്പെട്ടതോടെ ജനങ്ങൾ സഹകരിച്ചു.പ്രതിസന്ധികളിലും പദ്ധതി പൂർത്തിയാക്കാൻ പ്രവർത്തിച്ച ഗെയിൽ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
13 സി.എൻ.ജി പമ്പുകൾ
വാഹനങ്ങൾക്ക് ഇന്ധനമായി സി.എൻ.ജി നൽകാൻ എറണാകുളം ജില്ലയിൽ 13 പമ്പുകൾ തുറന്നു. എട്ടു ജില്ലകളിലും പ്രധാനപാതകളിൽ പമ്പുകൾ തുറക്കാനും നടപടികൾ പുരോഗമിക്കുകയാണ്.
2013 മുതൽ ഫാക്ട് എൽ.എൻ.ജി ഉപയോഗിക്കുന്നുണ്ട്. നാഫ്‌തയ്ക്ക് പകരം എൽ.എൻ.ജി വന്നതോടെ പുറന്തള്ളുന്ന മാലിന്യത്തിൽ 20% കുറവുണ്ട്. ഇന്ധനച്ചെലവിൽ 30% കുറവും വന്നിട്ടുണ്ട്.
- കെ. ജയചന്ദ്രൻ, ജനറൽ മാനേജർ, ഫാക്ട്
എൽ.പി.ജിയെക്കാൾ വളരെ ലാഭമാണ് സിറ്റി ഗ്യാസ്. 300 രൂപവരെയാണ് മാസം ചെലവ്. അടുക്കളയിൽ കിട്ടും. ചോർന്നാലും ഭാരം കുറവുള്ള ഇന്ധനമായതിനാൽ മുകളിലേക്ക് ഉയർന്നുപോകും.
- രാമചന്ദ്രൻ, ഉപഭോക്താവ്, കളമശേരി