poothotta

തൃപ്പൂണിത്തുറ: കൊട്ടിഘോഷിച്ച് ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തിട്ട് 17 വർഷം. പക്ഷേ ഇന്നേ വരെ ഒരു ബസും യാത്രക്കാർക്കായി ഇവിടേക്ക് എത്തിയിട്ടില്ല. ബസ് സ്റ്റാൻഡിലേക്കുള്ള ഇടുങ്ങിയ വഴിയാണ് ഇതിന് കാരണം. ഒരു ബസിന് കഷ്ടിച്ച് കടന്ന് പോൻ മാത്രം കഴിയുന്നതാണ് വഴി. ഈ സമയം എതിരെ നിന്നും വാഹനങ്ങൾക്ക് വന്നാൽ കുടുങ്ങിയത് തന്നെ. സമാനമായ സംഭങ്ങൾ പതിവായതോടെയാണ് സ്വകാര്യ ബസുകൾ ബസ് സ്റ്റാൻഡ് ഉപേക്ഷിച്ചത്. നിലവിൽ സ്റ്റാൻഡ് എത്തുന്നതിന് 500മീറ്ററിന് മുന്നിൽ ബസുകൾ തിരിച്ച് പോകുകയാണ് ചെയ്യുന്നത്. ബസുകൾ എത്താതായതോടെ സ്വകാര്യ വാഹനങ്ങളാണ് ഇവിടെ പാർക്ക് ചെയ്യുന്നത്. അതേസമയം കെട്ടിടം ശോച്യാവസ്ഥിയിലാണ്. ബസ് സ്റ്റാൻഡിലേക്കുള്ള റോഡിന്റെ വീതി കൂട്ടണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. ഇക്കാര്യം പഞ്ചായത്തിനെയടക്കം അറിയിച്ചിരുന്നു. കോടികൾ ഇതിനായി മുടക്കേണ്ടിവരുമെന്നതിനാൽ ഇടപെടാൻ പഞ്ചായത്തും മടികാണിക്കുകയാണ്. വിഷയത്തിൽ എം.പിയും എം.എൽ.എയും ഇടപെടണമെന്ന് നാട്ടുകാർ പറയുന്നു.

അപകട മുനമ്പിൽ

സ്റ്റാൻഡിലേക്ക് പോകാതെ ബസുകൾ പൂത്തോട്ട ജംഗ്ഷനിൽ വച്ച് തിരിച്ചാണ് അടുത്ത ട്രിപ്പിന് ഒരുങ്ങുന്നത്. എന്നാൽ തിരക്കേറിയ കവലയിൽ ബസുകൾ ഇങ്ങനെ തിരിക്കുമ്പോൾ അപടം ഉണ്ടാകുമെന്ന ആശങ്ക നാട്ടുകാർക്കുണ്ട്. നിരവധിപ്പേർ തലനാരിഴ്ക്ക് അപകടങ്ങളിൽ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. സ്റ്റാൻഡിലേക്കുള്ള പാത എത്രയും വേഗം വീതികൂട്ടണമെന്നാണ് സ്വകാര്യ ബസ് തൊഴിലാളികളുടേയും ആവശ്യം.

ബസ് സ്റ്റാൻഡ് റോഡിന് വീതിയില്ലാത്തതാണ് പ്രധാന പ്രശ്നം. ഒരോ അഞ്ചു മിനിറ്റിലും ബസുകൾ എത്തുമ്പോൾ രണ്ടു ബസുകൾക്ക് ഇതുവഴി പാസ് ചെയ്യുവാൻ കഴിയില്ല.റോഡിന് വീതി കൂട്ടുന്നതിന് അധികാരികൾ ഇടപെടണം

ടി.ജെ രാജു
ബസുടമ
പൂത്തോട്ട

സ്റ്റാൻഡിൽ ബസ് കൊണ്ടു പോകുവാൻ കഴിയാത്തതിനാൽ റോഡരുകിലാണ് പാർക്ക് ചെയ്യുന്നത്.ഇവിടെ എത്തുന്ന ബസുകളിലെ ജീവനക്കാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുവാൻ പോലും സൗകര്യമില്ല. ഇവിടെ നിന്നും വണ്ടി തിരിച്ചു കൊണ്ടു പോകുന്നതിനും ബുദ്ധിമുട്ടുണ്ടു്.

ഹരി
ബസ് ജീവനക്കാരൻ