കൊച്ചി: വർഷങ്ങളായുള്ള തർക്കത്തിനും അനിശ്ചിതത്വത്തിനുമൊടുവിൽ പൈപ്പുകളിലൂടെ വീടുകളിൽ പാചകവാതകമെത്തിക്കുന്ന സിറ്റിഗ്യാസ് പദ്ധതിക്ക് കൊച്ചി കോർപ്പറേഷന്റെ പച്ചക്കൊടി. ഇന്ത്യൻ ഓയിൽ അദാനി ഗ്രൂപ്പിന് നഗരപരിധിയിലെ റോഡുകളിൽ പൈപ്പിടാൻ കഴിഞ്ഞ ആഴ്ച കോർപ്പറേഷൻ അനുമതി നൽകി. റോഡു പൊളിക്കുന്നതിനു സമ്മതം തേടി അദാനി ഗ്രൂപ്പ് കോർപ്പറേഷന്റെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട് വർഷം മൂന്നു കഴിഞ്ഞു. സർക്കാരിന്റെ സമ്മർദ്ദം മുറുകിയതോടെ കഴിഞ്ഞ ഭരണസമിതിയുടെ അവസാന കൗൺസിൽ യോഗമാണ് പദ്ധതിക്ക് അനുമതി നൽകിയത്.
# റോഡ് പൊളിക്കലിൽ തുടങ്ങിയ തർക്കം
പൈപ്പിടുന്നതിന് വെട്ടിപ്പൊളിക്കുന്ന റോഡ് പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് പദ്ധതി ഇത്രയും വൈകിയത്. റോഡിന്റെ പുനർനിർമ്മാണം കമ്പനിയെത്തന്നെ ഏല്പിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് വന്നതോടെ പ്രശ്‌നത്തിന് പരിഹാരമായി
# 3500 വീടുകളിൽ പാചക വാതകമെത്തി
ജില്ലയിലെ 3500 വീടുകളിൽ പാചക വാതകമെത്തി കഴിഞ്ഞു. തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ 2500 വീടുകളിൽ നിലവിൽ പാചകവാതകം ലഭിച്ചു തുടങ്ങിയിട്ടുണ്ട്. കളമശേരിയിൽ ആറു വാർഡുകളിലായി.അടുത്ത ഘട്ടത്തിൽ മാസം തോറും ആയിരം വീടുകളിൽ പാചക വാതകമെത്തിക്കാനാണ് പരിപാടി. ഗാർഹിക ഉപഭോക്താക്കൾക്കു പുറമെ സി.എൻ.ജി വാഹനങ്ങൾ, വാണിജ്യ ഉപഭോക്താക്കൾ, വ്യാവസായിക ഉപഭോക്താക്കൾ എന്നിവർക്കും ഇത് ലഭ്യമാകും.
# കൊച്ചിയിൽ ആറു മാസത്തിനകം
നിലവിൽ കരിങ്ങാച്ചിറ കുണ്ടന്നൂർ ഇടപ്പള്ളി ആലുവ വരെ പ്രകൃതി വാതക പൈപ്പ് ലൈൻ ലഭ്യമാണ്. തുടർന്ന് അങ്കമാലിയിലേക്കും പെരുമ്പാവൂരിലേക്കും കോലഞ്ചേരിയിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. കൊച്ചി കോർപ്പറേഷനിലെ 18 ഡിവിഷനുകളിൽ പൈപ്പിടൽ ജോലികൾ ഉടൻ ആരംഭിക്കും. കുണ്ടന്നൂർ മുതൽ ഇടപ്പള്ളി വരെ ദേശീയ പാതയിലാണ് ആദ്യം പദ്ധതിയെത്തുന്നത്. ആറു മാസത്തിനുള്ളിൽ പൂർത്തിയാകും. അടുത്ത ഘട്ടത്തിൽ അവശേഷിക്കുന്ന 56 ഡിവിഷനുകളിലെ പ്രവർത്തനങ്ങൾ ആരംഭിക്കും.
# മീറ്റർ അനുസരിച്ച് ബില്ലടയ്ക്കാം
ഉപയോഗത്തിന് അനുസൃതമായി മീറ്റർ റീഡിംഗ് പ്രകാരമാണ് പാചകവാതക ബില്ലുകൾ അടയ്‌ക്കേണ്ടത്. ഗാർഹിക ഉപഭോക്താക്കൾക്ക് ഒരു യൂണിറ്റിന് 752.92 രൂപയാണ് വില. വാണിജ്യ ഉപഭോക്താക്കൾക്ക് 850.33 രൂപയും വ്യാവസായിക ഉപഭോക്താക്കൾക്ക് 720.72 രൂപയുമാണ് ഈടാക്കുന്നത്. സി.എൻ.ജി ഉപഭോക്താക്കൾക്ക് കിലോഗ്രാമിന് 57.30 രൂപയാണ് വില. നാലു പേരടങ്ങുന്ന ഒരു കുടുംബത്തിൽ ശരാശരി പ്രതിമാസ പ്രകൃതി വാതകത്തിന്റെ ഉപയോഗം 0.4 യൂണിറ്റ് ആയാണ് കണക്കാക്കിയിരിക്കുന്നത്. ഇതു പ്രകാരം 300 രൂപയാണ് ഒരു കുടുംബത്തിന് മാസം ചെലവ് വരിക.