edalakkad

അങ്കമാലി: എടലക്കാട് ഗ്രാമത്തിൽ രണ്ടുനാൾ ഭീതിപരത്തിയ കാട്ടാനക്കൂട്ടം കാടുകയറി. ഇന്നലെ പുലർച്ചെ രണ്ടു മണിയോടെയാണ് വാസകേന്ദ്രത്തിലേക്ക് യാത്രയായത്. റബർ തോട്ടത്തിൽ കയറിയ കാട്ടാനക്കൂട്ടത്തെ കനാൽ വഴിമാത്രമേ കാട്ടിലേക്ക് അയക്കാനാകു അതുകൊണ്ട് തിങ്കളാഴ്ച ഉച്ചയോടെ കനാലിലേക്കുള്ള വെള്ളം അധികൃതർ നിറുത്തി. പിന്നീട് വനപാലകരുടെ നീണ്ട ശ്രമങ്ങൾക്ക് ഒടുവിൽ പുലർച്ചെ രണ്ടുമണിയോടെ ആനാട്ട് ചോല നടപ്പാലത്തിന് സമീപത്തോടെ കനാലിലേക്ക് കുട്ടിയാനയും രണ്ടുപിടിയാനയും ഇറങ്ങി. ഏകദേശം മുന്നൂറ് മീറ്ററോളം എത്തിയതോടെ സമീപവാസികളുടെ പട്ടികകളുടെ കുര കേട്ടതോടെ ആനക്കൂട്ടം കനാലിന്റെ വടക്കെ ബണ്ടിലൂടെ മുകളിലേക്ക് കയറി റബ്ബർ തോട്ടത്തിൽ നിലയുറപ്പിച്ചെങ്കിലും പിന്നീട് വഴിയിലെത്തി റോഡ് മുറിച്ച്കടന്ന് എസ്റ്റേറ്റ്ഗെയ്റ്റ് തകർത്ത് പുലർച്ചെ 5 മണിയോടെ പ്ലാന്റേഷൻ തോട്ടത്തിലെത്തി അവിടെ നിന്നുംവനത്തിലേക്ക് പോയി.നാട്ടുകാരും, വനപാലകരും, പൊലീസും കൂട്ടായ ശ്രമത്തിനൊടുവിലാണ് കാട്ടാനകളെ ജനവാസകേന്ദ്രത്തിൽ നിന്നും ഒഴിവാക്കാൻ കഴിഞ്ഞത്. വാഴച്ചാൽ ഡി. എഫ്. ഒ വിനോദ്,റേഞ്ച് ഓഫീസർ ബേസിൽ ജിയൊപഞ്ചായത്ത് പ്രസിഡന്റ് പോൾ. പി. ജോസഫ്, മുൻപ്രസിഡന്റ് ടി.എം വർഗീസ് ,ജന പ്രതിനിധികളായ കെ.എസ്. മൈക്കിൾ,പി.വി. മോഹനൻ, ലാലി ആന്റു, സിജിജു,കെ.വി.ബിനീഷ്,എന്നിവർ നേതൃത്വം നൽകി.