thaha

കൊച്ചി : യു.എ.പി.എ ദുരുപയോഗം ചെയ്യുന്നതിന്റെ ഇരയാണ് താനെന്നും ഇത്തരം നിയമങ്ങൾക്കെതിരെ പൊതുജനങ്ങൾ പ്രതികരിക്കണമെന്നും പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിലെ രണ്ടാം പ്രതി ത്വാഹ ഫസൽ മാദ്ധ്യമങ്ങളോടു പറഞ്ഞു. ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിനെത്തുടർന്ന് കീഴടങ്ങാനായി ഇന്നലെ രാവിലെ എറണാകുളത്തെ എൻ. ഐ.എ കോടതിയിൽ എത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ഒരിക്കലും മാവോയിസ്റ്റ് പ്രചാരകനായിട്ടില്ല. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്തിട്ടില്ലെന്നാണ് എന്റെ വിശ്വാസം. ജാമ്യം റദ്ദാക്കുമെന്ന് കരുതിയില്ല. ജാമ്യം റദ്ദാക്കിയ നടപടിയിൽ വേദനയുണ്ട്. ഹൈക്കോടതി വിധിക്കെതിരെ രണ്ടു ദിവസത്തിനകം സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്നും ത്വാഹ വ്യക്തമാക്കി.

ഇന്നലെ രാവിലെ പത്തരയോടെ കോടതിയിലെത്തിയ ത്വാഹയെ ഫെബ്രുവരി 23 വരെ റിമാൻഡ് ചെയ്തു. തുടർന്ന് വിയ്യൂർ ജയിലിലേക്ക് അയച്ചു. മലപ്പുറത്ത് ജോലിസ്ഥലത്തു നിൽക്കുമ്പോഴാണ് ജാമ്യം റദ്ദാക്കിയ വിവരം വക്കീൽ വിളിച്ചുപറഞ്ഞതെന്ന് ത്വാഹ പറഞ്ഞു. തുടർന്ന് സഹോദരനും ഉറ്റബന്ധുവിനുമൊപ്പം രാവിലെ കൊച്ചിയിലെ വക്കീൽ ഒാഫീസിലെത്തി. തുടർന്നാണ് കോടതിയിലെത്തിയത്.

കോഴിക്കോട് പന്തീരാങ്കാവിൽനിന്ന് 2019 നവംബർ ഒന്നിനാണ് അലനെയും ത്വാഹയെയും പൊലീസ് അറസ്റ്റുചെയ്തത്. പിന്നീട് ഇവരുടെ വസതികളിൽ നടത്തിയ റെയ്ഡിൽ മാവോയിസ്റ്റ് ലഘുലേഖകളും മറ്റും പിടിച്ചതോടെ യു.എ.പി.എ ചുമത്തി അന്വേഷണം എൻ.ഐ.എയ്ക്ക് കൈമാറിയിരുന്നു. കേസിലെ മുഖ്യപ്രതി ഉസ്മാൻ ഇപ്പോഴും ഒളിവിലാണ്.