കൊച്ചി: കോതമംഗലം മർത്തോമൻ ചെറിയപള്ളി ജനുവരി എട്ടിനകം ഏറ്റെടുത്ത് ഒാർത്തഡോക്സ് വിഭാഗത്തിന് കൈമാറിയില്ലെങ്കിൽ കേന്ദ്രസേനയുടെ സഹായം തേടുമെന്ന സിംഗിൾബെഞ്ചിന്റെ വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കുന്നതിൽ നിന്ന് ഡിവിഷൻബെഞ്ച് പിന്മാറി. ജസ്റ്റിസ് സി.ടി. രവികുമാർ ഉൾപ്പെട്ട ഡിവിഷൻബെഞ്ചാണ് പിൻമാറിയത്. ഇന്നു മറ്റൊരു ഡിവിഷൻബെഞ്ചിന്റെ പരിഗണനയ്ക്ക് അപ്പീൽ വന്നേക്കും.
കോതമംഗലം പള്ളി ഏറ്റെടുത്ത് നൽകണമെന്ന വിധി നടപ്പാക്കിയില്ലെന്നാരോപിച്ച് ഒാർത്തഡോക്സ് വിഭാഗം വികാരി ഫാ. തോമസ് പോൾ റമ്പാൻ നൽകിയ കോടതിയിലക്ഷ്യ ഹർജിയിൽ ഡിസംബർ എട്ടിനാണ് സിംഗിൾബെഞ്ച് സർക്കാരിന് അന്ത്യശാസനം നൽകിയത്. മൂന്നുമാസംകൂടി സമയം വേണമെന്നും പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചതനുസരിച്ച് യോഗങ്ങൾ വിളിച്ചുചേർത്തിരുന്നെന്നും സർക്കാരും എറണാകുളം ജില്ലാ കളക്ടറും വിശദീകരിച്ചിരുന്നു. എന്നാൽ ഹൈക്കോടതി ഉത്തരവു നടപ്പാക്കാത്തതിനെ രൂക്ഷമായി വിമർശിച്ച സിംഗിൾബെഞ്ച് ജനുവരി എട്ടിനകം ഏറ്റെടുക്കണമെന്നാണ് ഉത്തരവിട്ടത്. ഇതിനെ ചോദ്യംചെയ്താണ് സർക്കാരിനുവേണ്ടി എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് അപ്പീൽ നൽകിയത്.